മുത്തലാഖ് ബില്‍; രാജ്യസഭ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ദില്ലി: ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.തുടര്‍ച്ചയായി മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് നിയമവിരുദ്ധമായി കണക്കാക്കുന്നതിനു പുറമെ, ഒറ്റയടിക്ക് വിവാഹമോചനം നടത്തുന്ന മുത്തലാഖ് രീതി അവലംബിക്കുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്നു.

ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി മുത്തലാഖിനെ പരിഗണിക്കുന്നതിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ബില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാമെന്ന വാദമാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനുള്ളത്.രാജ്യസഭ കൂടി ബില്‍ പാസാക്കിയാല്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മുസ്ലീം സംഘടനകള്‍.

ലോക്‌സഭയില്‍ ബില്‍ പരിഗണിച്ചപ്പോള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായം ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ചു.

തൃണമൂല്‍ മാത്രമാണ് നിലവില്‍ പ്രതിപക്ഷനിരയില്‍ ബില്ലിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ച് എതിര്‍ത്താല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

അഞ്ചാം തീയതി പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും. രണ്ടിലധികം സെലക്ട് കമ്മിറ്റി യോഗം വിളിച്ച് ബില്‍ ചര്‍ച്ച ചെയ്യേണ്ടിവരും. തുടര്‍ന്ന് ബജറ്റ് സമ്മേളനത്തില്‍ മാത്രമേ ബില്‍ പരിഗണിക്കാന്‍ സാധിക്കൂ. ഈ നീക്കത്തിലൂടെ ബില്‍ മാറ്റിവെക്കാനാണ് പ്രതിപക്ഷ നീക്കം.