കിമ്മിനുള്ളതിനേക്കാള്‍ വലിയ ആണവബട്ടണ്‍ എന്റെ പക്കലുണ്ട്’: അതെ നാണയത്തില്‍ തിരിച്ചടിച്ച് ട്രംപ്

വാഷിങ്ടന്‍:ആണവബട്ടണ്‍ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്നും ഇതു ഭീഷണിയല്ല, യാഥാര്‍ഥ്യമാണെന്നു അമേരിക്ക തിരിച്ചറിയണമെന്നുമുള്ള ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രസ്താവനയോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിം ജോങ് ഉന്‍ അവകാശപ്പെട്ടതിനേക്കാള്‍ വലിയ ആണവബട്ടണ്‍ തന്റെ പക്കലുണ്ടെന്നു ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കി. അത് ഉത്തരകൊറിയയുടേതിനേക്കാള്‍ വലുതും കരുത്തുറ്റതും പ്രവര്‍ത്തനക്ഷമമവുമാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ട്രംപിന്റ് ഈ മറുപടി ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായി മാറുകയും ചെയ്തു.

ആണവ ബട്ടന്‍ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു. അയാളുടെ പക്കലുള്ളതിനേക്കാള്‍ വലുതും കരുത്തേറിയതുമായ ആണവബട്ടന്‍ എന്റെ പക്കലുമുണ്ടെന്നു പട്ടിണിക്കാരും ദുര്‍ബലരും നിറഞ്ഞ കൊറിയന്‍ ഭരണകൂടത്തിലുള്ള ആരെങ്കിലും ഓര്‍മിപ്പിച്ചേക്കൂ. മാത്രമല്ല, എന്റെ ആണവബട്ടണ്‍ ഒന്നാന്തരമായി പ്രവര്‍ത്തിക്കുന്നതുമാണ്

നേരത്തെ, പുതുവല്‍സരദിന സന്ദേശത്തിനിടയിലാണ് ആണവ ബട്ടണ്‍ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്ന് കിം ജോങ് ഉന്‍ ഭീഷണി മുഴക്കിയത്. ബാലിസ്റ്റിക് മിസൈലുകളും ആണവ പോര്‍മുനകളും ഈ വര്‍ഷം ആവശ്യം പോലെ നിര്‍മിക്കുമെന്നും കിം ഭീഷണി മുഴക്കിയിരുന്നു. ലോകത്തിന്റെ ആശങ്കകളെ തെല്ലും വകവയ്ക്കുകയില്ലെന്നും അണ്വായുധ പദ്ധതി തുടരുമെന്നും വ്യക്തമാക്കുന്ന കിമ്മിന്റെ ഈ ടെലിവിഷന്‍ സന്ദേശത്തിനാണു ട്രംപിന്റെ മറുപടി എത്തിയിരിക്കുന്നത്.