ഇന്ത്യന്‍ മേഖലയിലേക്ക് വീണ്ടും അതിക്രമിച്ച് കടന്ന് ചൈന

ന്യൂഡല്‍ഹി:റോഡ് നിര്‍മ്മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം വീണ്ടും ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറിയെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്.അരുണാചല്‍ പ്രദേശില്‍ 200 മീറ്ററോളം കടന്ന് അപ്പര്‍ സിയാങ് ജില്ലയിലെ ഒരു അതിര്‍ത്തി ഗ്രാമം വരെ ചൈനീസ് സൈന്യം എത്തി.ഇവിടെ വച്ച് ഇന്ത്യന്‍ സൈന്യം ഇവരെ തടഞ്ഞു. എന്നാല്‍ സംഘര്‍ഷത്തിനൊന്നും നില്‍ക്കാതെ റോഡ് നിര്‍മ്മാണ ഉപകരണങ്ങള്‍ അവിടെ ഉപേക്ഷിച്ച് ചൈനീസ് സൈന്യം പിന്‍വാങ്ങുകയായിരുന്നു. ഗ്രാമവാസികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

നാല് മാസം മുമ്പ് ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഡോക്ലാമില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന് അയവുണ്ടായ ശേഷമാണ് ചൈനയുടെ ഈ പുതിയ നീക്കം. ശൈത്യകാലത്ത് അപൂര്‍വ്വമായാണ് ചൈന കൈയേറ്റത്തിന് മുതിരാറുള്ളത്. ഡോക്ലാമിലെ പോലെ പക്ഷേ അരുണാചലില്‍ ഇന്ത്യ-ചൈന പട്ടാളക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായില്ല.

ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യം മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് ചൈനീസ് സൈനികര്‍ ഇവിടെ നിന്ന് ഉപകരണങ്ങള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങിയത്. സമീപകാലത്തായി അരുണാചല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് റോഡ് നിര്‍മാണം വ്യാപിപ്പിച്ചിരിക്കുയാണ് ചൈനയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.