ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി പഴയ ആശാന്‍ ഡേവിഡ് ജയിംസ് എത്തിയേക്കും? ചര്‍ച്ച പുരോഗമിക്കുന്നു

കൊച്ചി:സീസണിന്റെ പകുതിയിലെത്തിയെങ്കിലും ജയം ഒരു കളിമാത്രം.നാല് സമനില.രണ്ടു കളികളില്‍ തോല്‍വി ആകെപ്പാടെ പ്രതിസന്ധിയിലായ കേരളാ ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാന്‍ ടീമിന്റെ മുന്‍ മാര്‍ക്വീ താരവും ഇംഗ്ലണ്ട് ദേശീയ ടീമില്‍ അംഗവുമായിരുന്ന സാക്ഷാല്‍ ഡേവിഡ് ജയിംസ് എത്തിയേക്കും.ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ഡേവിഡ് ജയിംസും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.മഞ്ഞപ്പടയുടെ ആരാധകര്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കൊച്ചായുള്ള ഡേവിഡ് ജെയിമ്‌സിന്റെ വരവ്.

ആവേശത്തോടെയെത്തിയ റെനി മ്യൂളസ്റ്റീന്റെ കോച്ചായുള്ള പ്രകടനം മികച്ചതല്ലാത്തതിനാല്‍ കോച്ച് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.അതുകൊണ്ടുതന്നെ ഡേവിഡ് ജയിംസിനെ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം ആരാധകര്‍ക്കിടയിലും ശക്തമാണ്. 2014ല്‍ ഐഎസ്എല്‍ ആദ്യ സീസണില്‍ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകനും മാര്‍ക്വീ താരവുമായിരുന്നു ഡേവിഡ് ജയിംസ്.
വ്യക്തിപരമായ കാരണങ്ങളാല്‍, പരസ്പരധാരണപ്രകാരം പടിയിറങ്ങുന്നു എന്ന വിശദീകരണത്തോടെ നിലവിലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ ചൊവ്വാഴ്ചയാണ് രാജിവച്ചത്. വ്യാഴാഴ്ച കലൂര്‍ സ്റ്റേഡിയത്തില്‍ എഫ്‌സി പുണെ സിറ്റിയെ ബ്ലാസ്റ്റേഴ്‌സ് നേരിടാനൊരുങ്ങവെ പൊടുന്നനെ മ്യൂലന്‍സ്റ്റീന്‍ രാജിവച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്‌സിനു 11 മല്‍സരം ബാക്കിയുള്ളപ്പോഴാണു മ്യൂലന്‍സ്റ്റീന്റെ പടിയിറക്കം.

അതേസമയം, നാളെ കൊച്ചിയില്‍ പുണെ സിറ്റി എഫ്‌സിക്കെതിരെ നടക്കുന്ന മല്‍സരത്തിന്റെ ചുമതല ടീമിന്റെ സഹപരിശീലകന്‍ താങ്‌ബോയി സിങ്‌തോയ്ക്ക് നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള മല്‍സരങ്ങളിലാകും പുതിയ പരിശീലകന്‍ ചുമതലയേറ്റെടുക്കുക എന്നാണ് വിവരം. നോര്‍വേയുടെ മുന്‍ ദേശീയ താരം ജോണ്‍ ആര്‍ണീ റീസയുടെ പേരും പരിഗണനയിലുണ്ടെങ്കിലും സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.