ഓഖി ദുരന്തം:കാണാതായവരുടെ കണക്കില്‍ വീണ്ടും തിരുത്തുമായി സര്‍ക്കാര്‍; തിരിച്ചെത്താനുള്ളത് 216 പേര്
തിരുവനന്തപുരം:ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കേരളതീരത്തുനിന്നു കാണാതായവരുടെ എണ്ണത്തില്‍ വീണ്ടും തിരുത്തുമായി കേരളം സര്‍ക്കാര്‍.സര്ക്കാര്ക്കിന്റെ പുതിയ കണക്ക് പ്രകാരം 216 പേര് തിരിച്ചെത്താനുണ്ട്.ഇതില്‍ 141 കേരളീയരും 75 പേര് ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. അതേസമയം ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സംബന്ധിച്ചു വിവരങ്ങളൊന്നും സര്‍ക്കാരിനു കിട്ടിയിട്ടില്ല.
കേരളത്തില്‍നിന്നുള്ള 141 പേരെയാണു കാണാതായതെന്നാണു സര്‍ക്കാരിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ ഒട്ടുമിക്കവരെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്. അതേസമയം,കൊല്ലത്തും,കൊച്ചിയില്‍ നിന്നും വലിയ ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോയ 75 ഇതരസംസ്ഥാനക്കാരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. ഇവരെക്കൂടി ചേര്‍ക്കുമ്പോള്‍ കേരളതീരത്തുനിന്നു പോയ 216 പേരെ ഇനിയും കണ്ടെത്താനുണ്ട്.
കാണാതായവരെ കണ്ടെത്തി തിരികെയെത്തിക്കാന്‍ കൂടുതല്‍ വ്യക്തമായ നടപടികള്‍വേണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് ഇക്കാര്യത്തില്‍ ഏകോപനം നടത്തണ്ടിവരും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ട്.
ലത്തീന്‍സഭയുടെ കണക്കുപ്രകാരം കേരളത്തില്‍നിന്ന് 149 പേരെയും കന്യാകുമാരി ജില്ലയില്‍നിന്ന് 149 പേരെയും ഇനിയും കണ്ടെത്താനുണ്ട്. രണ്ടും കൂടി ചേര്‍ക്കുമ്പോള്‍ 298പേരാണ് ഓഖിയെ തുടര്‍ന്നു കടലില്‍ കാണാതായത്. തമിഴ്നാട്ടില്‍നിന്നുള്ള നൂറിനടുപ്പിച്ച് തൊഴിലാളികളും കേരളതീരത്തുനിന്നാണു കടലില്‍പോയതെന്നാണു ലത്തീന്‍ സഭ പറയുന്നത്.