പ്രതിഷേധം ; രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പരിഗണിക്കുവാന്‍ കഴിഞ്ഞില്ല
ന്യൂഡല്‍ഹി : പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.രൂക്ഷമായ വാദപ്രതിവാദത്തിനാണ് മൂന്നു മണിക്ക് രാജ്യസഭ സാക്ഷ്യം വഹിച്ചത്. ബിജെപിയും അണ്ണാ ഡിഎംകെയും ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാരിനെതിരെ ശക്തമായി അണിനിരന്നു. അംഗങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തി ബില്ലിനായുള്ള സെലക്ട് കമ്മിറ്റി പ്രമേയം അനന്ദ് ശര്‍മ്മ കൊണ്ടു വന്നപ്പോള്‍ ഇത് ചട്ടവിരുദ്ധമാണെന്ന് അരുണ്‍ ജെയ്റ്റ്ലി വാദിച്ചു. സുപ്രീംകോടതിയില്‍ മുത്തലാഖ് കേസില്‍ ഹാജരായ കപില്‍ സിബല്‍ സംസാരിക്കാന്‍ എഴുന്നേറ്റത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ഭൂരിപക്ഷ വികാരം എതിരായിട്ടും സര്‍ക്കാര്‍ ബില്ല് പരിഗണിക്കണമെന്ന വാദത്തില്‍ ഉറച്ചു നിന്നു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന ബഹളത്തിനു ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.
എന്നാല്‍ ലോക്‌സഭ പാസാക്കിയ ബില്ലിനെ രാജ്യസഭ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നത് രാജ്യം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കൂടാതെ ഫെബ്രുവരി 22 ആകുമ്പോഴേക്ക് സുപ്രീം കോടതി അനുവദിച്ച ആറുമാസ കാലാവധി പൂര്‍ത്തിയാകുമെന്നും വിഷയം സെലക്ട് കമ്മറ്റിക്കു വിടേണ്ടതില്ലെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതും മൂന്നുവര്‍ഷം തടവ് വ്യവസ്ഥ ചെയ്യുന്നതുമായ ബില്‍ ലോക്സഭ പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയ ശേഷമാണ് ലോക്സഭയില്‍ പാസാക്കിയത്.