റോഡ്‌ നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തി ; തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്

ആലപ്പുഴ : റോഡ്‌ നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തിയ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. വലിയകുളം-സീറോജെട്ടി റോഡ് നിര്‍മ്മാണത്തിലെ ചട്ടലംഘനങ്ങളില്‍ കേസ് എടുക്കാമെന്നാണ് കോട്ടയം വിജിലന്‍സ് എസ്.പിയുടെ ശുപാര്‍ശ. വിജിലന്‍സ് നിലപാട് നാളെ കോട്ടയം കോടതിയില്‍ അറിയിക്കും. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ 28 ലക്ഷം രൂപയും രണ്ട് എം.പിമാരുടെ ഫണ്ടില്‍ നിന്നായി 25ലക്ഷം രൂപ വീതവും ഉപയോഗിച്ചായിരുന്നു ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം. പാടം നികത്തി റിസോര്‍ട്ടിലേക്കുളള റോഡ് നിര്‍മ്മിച്ച സംഭവത്തിലാണ് തോമസ് ചാണ്ടി ഉള്‍പ്പെടയുളളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തോമസ് ചാണ്ടി, റോഡ് നിര്‍മ്മാണം നടന്ന സമയത്ത് ആലപ്പുഴ ജില്ലയുടെ ചുമതലയുണ്ടായിരുന്ന കലക്ടര്‍മാര്‍, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.

ത്വരിതാന്വേഷണം പൂര്‍ത്തിയാക്കി കേസെടുക്കാന്‍ നേരത്തെ വിജിലന്‍സ് എസ്.പി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും തോമസ് ചാണ്ടിയുടെ മൊഴി ഉള്‍പ്പെടുത്തമെന്നും വിജിലന്‍സ് ഡയറക്ടര്‍ നിലപാടെടുത്തു. എന്നാല്‍ തോമസ് ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷവും ഇതേ ശുപാര്‍ശ തന്നെയാണ് കോട്ടയം വിജിലന്‍സ് എസ്.പി സ്വീകരിച്ചത്. അനധികൃത നിലം നികത്തല്‍ കുറ്റം മാത്രം നിലനില്‍ക്കേ എങ്ങിനെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ചോദ്യവും ഡയറക്ടര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ടതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വിജിലന്‍സ് എസ്.പി നിലപാടെടുത്തു. നേരത്തെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് തോമസ്‌ ചാണ്ടി മന്ത്രി സ്ഥാനം രാജി വെച്ചത്. സ്വന്തം റിസോര്‍ട്ടിന്റെ സൗകര്യത്തിന് വേണ്ടി കായല്‍ കൈയേറി റോഡ് നിര്‍മിച്ചെന്നും ഭൂമി കൈയേറിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കേസ് നടന്ന് കൊണ്ടിരിക്കെയാണ് മറ്റൊരു ക്രമക്കേടുമായി ബന്ധപ്പെട്ടും തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.