ഫിന്‍ലന്‍ഡിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആലോചനായോഗം ജനുവരി 7ന് എസ്‌പോയില്‍

ജെജി മാത്യു മാന്നാര്‍

ഹെല്‍സിങ്കി: ആഗോള മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും, കൂട്ടായ്മയും, സഹാനുഭൂതിയും സംഘടനാ പ്രവര്‍ത്തനങ്ങളും ഏകോപിച്ച് തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ്) പ്രവര്‍ത്തനങ്ങള്‍ ഫിന്‍ലന്‍ഡില്‍ വ്യാപിപ്പിക്കുന്നു. സ്ഥാപിതമായി ഏകദേശം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും എണ്‍പതോളം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും യൂണിറ്റുകളും രൂപീകരിച്ച് കഴിഞ്ഞ ഡബ്ല്യു.എം.എഫിന്റെ ആദ്യ ആലോചനായോഗമാണ് ഫിന്‍ലന്‍ഡില്‍ നടക്കുന്നത്.

ജനുവരി 7ന് ഉച്ചകഴിഞ്ഞു 3 മണിക്ക് എസ്‌പോയില്‍ ചേരുന്ന സമ്മേളനത്തോടെ ഫിന്‍ലന്‍ഡിലെ ഡബ്ല്യു.എം.എഫ് കൂട്ടായ്മയ്ക്ക് ഔപചാരികമായി തുടക്കമാകും. കോഓര്‍ഡിനേറ്റര്‍ സാജന്‍ രാജു, ഗ്ലോബല്‍ ഐടി കോര്‍ഡിനേറ്റര്‍ ഷമീര്‍ കണ്ടത്തില്‍, യൂറോപ്പ് റീജണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടെറി തോമസ് തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം വഹിക്കും. ഫിന്‍ലാന്‍ഡ് മലയാളി സമൂഹത്തില്‍ നിന്നും നിരവധി പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

മലയാളികള്‍ പ്രവാസികളായി ജീവിക്കുന്ന രാജ്യങ്ങളില്‍ വര്‍ണ, വര്‍ഗ്ഗ, ഭാഷ, വിശ്വാസ മതില്‍കെട്ടുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടന സാന്നിദ്ധ്യമായി ഇതിനോടകം വളര്‍ന്നു കഴിഞ്ഞ ഡബ്ല്യു.എം.എഫ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്.

മധ്യയൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലും, കേരളത്തിലും ഒരുപോലെ രജിസ്റ്റര്‍ ചെയ്ത സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധികള്‍ 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിലും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡബ്ല്യുഎംഎഫ് ഫിന്‍ലാന്‍ഡ് കോര്‍ഡിനേറ്റര്‍ സാജന്‍ രാജുവിനെ 0465600005 എന്ന നമ്പറില്‍ വിളിക്കുക
വേദി: Meeting room Kari (112)
Ison Omenan palvelutori, Suomenlahdentie 1, 02230 Espoo