500 രൂപ മുടക്കിയാല്‍ ആരുടേയും ആധാര്‍ വിവരങ്ങള്‍ ലഭ്യം ; കച്ചവടം നടക്കുന്നത് ഓണ്‍ലൈന്‍ വഴി ; ജനങ്ങളുടെ സുരക്ഷ അതീവ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി : ‘ദ ട്രിബ്യൂണ്‍’ വാര്‍ത്താസംഘമാണ് ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതീവ സുരക്ഷിതമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വാദിക്കുന്ന ‘ആധാര്‍’ വിവരങ്ങള്‍ വെറും 500 രൂപ കൊടുത്ത് ആര്‍ക്കും വാങ്ങാവുന്ന സ്ഥിതിയില്‍.കഴിഞ്ഞ നവംബറിലാണ് ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യാതൊരുവിധത്തിലുള്ള ചോര്‍ച്ചകളും സംഭവിക്കുന്നില്ലെന്നും സര്‍ക്കാര്‍ രാജ്യത്തോട് പറഞ്ഞത്. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓണ്‍ലൈന്‍ വഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും പണം കൊടുത്ത് ആയിരക്കണക്കിന് ആധാര്‍ വിവരങ്ങളാണ് ട്രിബ്യൂണ്‍ വാങ്ങിയത്. അതും വെറും 500 രൂപ മാത്രം നല്‍കി. രാജ്യത്ത് ഇന്നുവരെ ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ള നൂറു കോടിയോളം പേരുടെ വിവരങ്ങളാണ് വാട്‍സ്ആപ്പിലൂടെ പരിചയപ്പെട്ട ഏജന്റ്, പേടിഎം വഴി 500 രൂപ ഇടാക്കി നല്‍കിയത്. അതുപോലെ 300 രൂപ കൂടി കൊടുത്തപ്പോള്‍ ആരുടെയും ആധാര്‍ കാര്‍ഡ് അച്ചടിക്കാനുള്ള സോഫ്റ്റ്‍വെയറും ഇവര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കി.
പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, വിരലടയാളങ്ങളും കണ്ണുകളുടെ ചിത്രങ്ങളും എന്നുവേണ്ട മൊബൈല്‍ നമ്പറും പാന്‍കാര്‍ഡും അടക്കം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള സകല വിവരങ്ങളും ഓണ്‍ലൈനായി വില്‍ക്കപ്പെടുന്നുവെന്നാണ് ട്രിബ്യൂണിന്റെ അന്വേഷണം തെളിയിച്ചത്. പേടിഎം വഴി പണം വാങ്ങിയ ശേഷം ഒരു വെബ്‍സൈറ്റില്‍ ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ ഐഡിയും പാസ്‍വേഡുമാണ് ഏജന്റ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയത്. ഇതുപയോഗിച്ച് രാജ്യത്തെ ഏത് പൗരന്റേയും എല്ലാ വിവരങ്ങളും ലഭ്യമായി. ഏജന്റിനെ വാട്‍സ്ആപ് വഴി പരിചയപ്പെട്ട് പണം നല്‍കി ആധാര്‍ വിവരങ്ങളിലേക്ക് പ്രവേശനം ലഭിക്കാന്‍ വേണ്ടി വന്നത് വെറും അര മണിക്കൂറില്‍ താഴെ സമയം മാത്രം. ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്യാനുള്ള സംവിധാനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതിന് 300 രൂപ കൂടി വാങ്ങി. തുടര്‍ന്ന് കംപ്യൂട്ടറില്‍ പ്രത്യേക സോഫ്റ്റ്‍വെയറും ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുകയായിരുന്നു. ചണ്ഡീഗഢിലെ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ അവര്‍ ഞെട്ടിയെന്നും. ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആറ് മാസക്കാലമായി ഈ അജ്ഞാത സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനായി വാട്‌സ്ആപ്പില്‍ അജ്ഞാത ഗ്രൂപ്പുകളും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. രാജ്യ വ്യാപകമായി ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയം തുടങ്ങിയ കോമണ്‍ സര്‍വീസ് സെന്റേഴ്‌സ് സ്‌കീമിന് (സി.എസ്.സി.എസ്.)കീഴില്‍ വരുന്ന വില്ലേജ് ലെവല്‍ എന്റര്‍പ്രൈസുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയുടെ ചണ്ഡിഗഡ് റീജ്യനല്‍ സെന്ററില്‍ പോലും ഡയറക്ടര്‍ക്കും അഡീഷണല്‍ ഡയറക്ടര്‍ക്കും മാത്രമാണ് ആധാര്‍ വിവരങ്ങള്‍ അറിയാന്‍ നെറ്റ്‍വര്‍ക്കിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. ഇത്ര രഹസ്യമെന്ന് കരുതി ഭദ്രമാക്കിവെച്ചിരിക്കുന്ന വിവരങ്ങളാണ് 500 രൂപയ്‌ക്ക് വാട്സ്ആപ് വഴി കച്ചവടം ചെയ്യുന്നത് . ഒരു ലക്ഷത്തോളം പേര്‍ ഇത്തരത്തില്‍ ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.