ബാങ്കില്‍ നിന്നും ലഭിക്കുന്ന ശമ്പളം ഹറാമാണ് ; ബാങ്ക് ജീവനക്കാരെ കല്യാണം കഴിക്കാന്‍ പാടില്ല ; മണ്ടത്തരം വിളബുന്ന ഫത്‌വ ഇറക്കി മുസ്ലിം മതപഠന സ്ഥാപനം

ലക്നോ : ജനങ്ങള്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്ന ഫത്‌വ ഇറക്കുവാന്‍ മത്സരിക്കുകയാണ് ഇന്ത്യയിലെ ചില ഇസ്ലാം മതപഠന സ്ഥപനങ്ങള്‍. സാധാരണക്കാര്‍ സ്വപ്നം പോലും കാണാത്ത വിഷയങ്ങളിലാണ് ഇവര്‍ ഫത്‌വ ഇറക്കുന്നത്. അത്തരത്തില്‍ ഒന്നാണ് ഇപ്പോഴും പുറത്തു വന്നത്. വിവാഹം കഴിക്കുമ്പോള്‍ ബാങ്ക് ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വധൂവരന്‍മാരായി തിരഞ്ഞെടുക്കരുതെന്ന പേരില്‍ ഫത്‌വ. മുസ്ലിം മതപഠന സ്ഥാപനമായ ദാറുല്‍ ഉലൂം ദേവ്ബന്ദ് ആണ് ഇത്തരത്തില്‍ ഒരു ഫത്‌വ ഇറക്കിയത്. ശമ്പളമായി ബാങ്കില്‍നിന്ന് ലഭിക്കുന്നത് ‘ഹറാം’ ആയ പണമായതിനാലാണ് ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ഇവര്‍ പറയുന്നത്.ഉത്തര്‍ പ്രദേശിലെ ഷഹാരണ്‍പുര്‍ ജില്ലയിലെ ദേവ്ബന്ദിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ‘ഹറാം’ (നിഷിദ്ധമായ) ആയ പണമാണ് ബാങ്ക് ജീവനക്കാരുടെ കുടുംബങ്ങളുടെ വരുമാനം.

അത്തരം കുടുംബങ്ങളിലുള്ളവര്‍ ഹറാം ആയ സമ്പത്ത് ഉപയോഗിച്ചാണ് ജീവിക്കുന്നത്. അവര്‍ ദൈവഭയമില്ലാത്തവരും സദാചാരനിഷ്ഠയില്ലാത്തവരുമാണ്. അത്തരമൊരു കുടുംബത്തില്‍നിന്ന് വിവാഹം കഴിക്കുന്നത് ഒരിക്കലും ഉത്തമമല്ല, അത് ഒഴിവാക്കേണ്ടതാണ്. ദൈവഭയമുള്ള കുടുംബത്തില്‍നിന്ന് മാത്രമേ വിവാഹം പാടുള്ളൂ- ഫത്‌വ പറയുന്നു. പണ ഇടപാടുകളില്‍ പലിശ ഈടാക്കുന്നതും ലാഭം മുന്‍നിര്‍ത്തി കച്ചവടങ്ങളില്‍ പണം നിക്ഷേപിക്കുന്നതും മുസ്ലിം മതനിയമ പ്രകാരം തെറ്റാണ്. അതുകൊണ്ട് തന്നെ പലിശയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നിലവിലുള്ള ബാങ്കിങ് സമ്പ്രദായത്തില്‍ നിന്ന് ലഭിക്കുന്ന പണം ഹറാം ആയാണ് ചില വിഭാഗങ്ങള്‍ കണക്കാക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ പിതാവിന്റെ മകളെ വിവാഹം കഴിക്കുന്നതു സംബന്ധിച്ച് ഒരാള്‍ ഉന്നയിച്ച ചോദ്യത്തെ തുടര്‍ന്നാണ് ദാറുല്‍ ഉലൂം ഫത്‌വ ഇറക്കിയിരിക്കുന്നത്.