ഫ്രാന്‍സില്‍ കനത്ത നാശം വിതച്ച് എലനോര്‍ ചുഴലിക്കാറ്റ്;ഒരു മരണം; 26 പേര്‍ക്ക് പരിക്ക്

പാരീസ്: ഫ്രാന്‍സിലെ വിവിധയിടങ്ങളില്‍ കനത്ത നാശം വിതച്ച് എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത മഴയ്ക്ക് പിന്നാലെയെത്തിയ കാറ്റില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ വിവിധയിടങ്ങിലെ പ്രധാന പാലങ്ങളും റോഡുകളും കാറ്റിനെ തുടര്‍ന്ന് അടച്ചിട്ടതിനാല്‍ ഗതാഗതസംവിധാനം താറുമാറായ അവസ്ഥയാണ്.കാറ്റിനെത്തുടര്‍ന്ന് റോഡില്‍ കൂറ്റന്‍ മരങ്ങള്‍ വീണതാണ് ഗതാഗതത്തിന് പ്രധാന തടസമായി നിലനില്‍ക്കുന്നത്. ഇവ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മിക്ക ട്രെയിന്‍ സര്‍വീസുകളും താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. വരും ദിവസങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയ്ക്കും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സൂചന.