കായല്‍ കയ്യേറി റോഡ് നിര്‍മ്മാണം:തോമസ് ചാണ്ടിക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്
കോട്ടയം:മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക്പാലസ് റിസോര്‍ട്ടിലേക്ക്, നിലം നികത്തി റോഡു നിര്‍മിച്ചെന്ന പരാതിയില്‍ തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ്.
ആലപ്പുഴ വലിയകുളം സീറോജെട്ടി ഭാഗത്താണ് നിലംനികത്തി റോഡ് നിര്‍മിച്ചതെന്ന് പരാതിയുള്ളത്. ഇതേ തുടര്‍ന്ന് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ആലപ്പുഴ പാലസ് റോഡ് തീക്കാട് വീട്ടില്‍ സുഭാഷ് എം.തീക്കാടനാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്താന്‍ നവംബര്‍ നാലിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിനായി വിജിലന്‍സിന് ഒരു മാസത്തെ സമയവും അനുവദിച്ചു.
തുടര്‍ന്ന് രണ്ടുതവണ വിജിലന്‍സ് സമയം നീട്ടിചോദിച്ചു. അത് അനുവദിച്ച കോടതി, ജനുവരി നാലിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. സംഭവങ്ങളെത്തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ചെയ്തു.
മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഇന്നലെ ശുപാര്‍ശ ചെയ്തിരുന്നു. ഇതുസംബന്ധിച്ച പ്രാഥമികാന്വേഷണത്തിനുശേഷം കോട്ടയം വിജിലന്‍സ് എസ്.പി.ജോണ്‍സണ്‍ ജോസഫ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡയറക്ടറുടെ നടപടി.