കെ എസ് ആര്‍ ടി സിയെ സര്‍ക്കാര്‍ കൈയൊഴിഞ്ഞു ; ഇനിയും ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ ഇനിയും കെ എസ് ആര്‍ ടി സിയെ സഹായിക്കാന്‍ കഴിയില്ല എന്ന് കേരള സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്തുകഴിഞ്ഞുവെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലെന്ന് ഗതാഗത അഡീഷണല്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇപ്പോള്‍ ഓരോ മാസവും 30 കോടിവീതം സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇനിയും ഒരു സഹായവും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ ഒരു ഗതാഗത കോര്‍പ്പറേഷനും സ്വന്തം വരുമാനത്തില്‍നിന്ന് പെന്‍ഷന്‍ നല്‍കുന്നില്ല എന്നകാര്യവും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതെന്നാണ് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കിയിട്ടുള്ളത്. പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ ഇതിനുവേണ്ടി പ്രത്യേക ഫണ്ടോ സാമ്പത്തിക സഹായമോ അനുവദിച്ചിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാട്ടി.