ശബരിമലയില്‍ മുന്‍പ്, പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനം നടത്തിയിരുന്നുവെന്ന് കടകം പള്ളി സുരേന്ദ്രന്‍
പത്തനംതിട്ട: ശബരിമലയില്‍ നേരത്തെ,പ്രായഭേദമന്യേ സ്ത്രീകളുടെ പ്രവേശനത്തിന് തടസ്സമുണ്ടായിരുന്നില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്‍കാലങ്ങളില്‍ സൗകര്യവും സാഹചര്യവുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു. ഇതേ വാദത്തെ പിന്തുണച്ച് ശബരിമല ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടി.കെ.എ നായരും രംഗത്തെത്തി.
തന്റെ ഒന്നാം പിറന്നാളിന് അച്ഛനും അമ്മയ്ക്കും അമ്മാവനുമൊപ്പം ശബരിമലയില്‍ പോയിരുന്നുവെന്നും ശബരിമലയില്‍,അമ്മയുടെ മടിയില്‍ ഇരുന്നാണ് തന്നെ ചോറൂട്ടിയതെന്നും ടി.കെ.എ നായര്‍ പറയുന്നു. പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരമാണ് അച്ഛനും അമ്മയും തന്നെ ശബരിമലയില്‍ കൊണ്ടുപോയത്. താന്‍ ജനിച്ച 1939 നവംബറിന് ഒരു വര്‍ഷം കഴിഞ്ഞായിരുന്നു ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരിക്കേ ശബരിമലയെ അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പേര് മാറ്റിയിരുന്നു. ഈ നടപടി റദ്ദാക്കി ഇന്നലെ ശ്രീധര്‍മ്മശാസ്താക്ഷേത്രമെന്ന് പേര് തിരികെ കൊണ്ടുവന്നു.ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നു വാദിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കടകം പള്ളിയുടെ വെളിപ്പെടുത്തല്‍.