എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത വൈദികസമിതി യോഗം ഉപേക്ഷിച്ചു

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വൈദിക സമിതി യോഗം മാറ്റിവെച്ചു. പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിന് ശേഷം ഭൂമി ഇടപാട് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് യോഗം ഉപേക്ഷിച്ചത്. കര്‍ദ്ദിനാളും സഹായമെത്രാന്‍മാരും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. വൈദിക സമിതി യോഗം നടക്കാതിരിക്കാന്‍ ചിലര്‍ ഇടപെട്ടെന്നും യോഗത്തില്‍ പങ്കെടുക്കാതെ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ തടഞ്ഞതായും വൈദികര്‍ ആരോപിച്ചു. സീറോ മലബാര്‍ സഭയ്ക്ക് കീഴിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുകളെ സംബന്ധിച്ചാണ് നേരത്തെ വിവാദമുയര്‍ന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഭൂമി ഇടപാടിലൂടെ സഭയ്ക്ക് വന്‍ നഷ്ടം വരുത്തിവെച്ചെന്നായിരുന്നു ആരോപണം. ബാങ്കുകളിലെ വായ്പ അടച്ചുതീര്‍ക്കാനാണ് സഭയുടെ ഭൂമി വിറ്റഴിച്ചത്. എന്നാല്‍ ഇടപാടിലൂടെ ആവശ്യമായ പണം ലഭിച്ചില്ലെന്നും, നഷ്ടം വര്‍ദ്ധിച്ചെന്നും ആരോപണമുണ്ടായിരുന്നു.

സംഘര്‍ഷം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കര്‍ദിനാള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും വൈദികര്‍ വ്യക്തമാക്കി. യോഗം നടത്തുന്നതില്‍ നേരത്തെ അല്‍മായ സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. അലക്‌സൈന്‍ സന്യാസി സഭ സിറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.