മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍; വിട്ടുവീഴ്ചയ്ക്കില്ലെന്നുറച്ച് ഇരുപക്ഷവും,ബില്‍ പ്രതിസന്ധിയിലായേക്കും

ന്യൂഡല്‍ഹി:ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭ ഇന്നു വീണ്ടും പരിഗണിച്ചേക്കും.ബില്‍ സിലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുമ്പോള്‍ സഭ വീണ്ടും പ്രക്ഷുബ്ധമാകാനാണ് സാധ്യത.ബില്‍ പരിഗണിക്കുന്നതിനായി സര്‍ക്കാരും സിലക്ട് കമ്മിറ്റിക്കു വിടുന്നതിനായി പ്രതിപക്ഷവും രാജ്യസഭയില്‍ ബുധനാഴ്ച പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ ഇരുപക്ഷത്തെയും അംഗങ്ങളുടെ ബഹളം മൂലം തുടര്‍നടപടികള്‍ സാധ്യമായില്ല. മഹാരാഷ്ട്രയിലെ ദലിത് പ്രക്ഷോഭം സംബന്ധിച്ച ബഹളത്തില്‍ നടപടികള്‍ തടസ്സപ്പെട്ടതിനാല്‍ ഉച്ചയ്ക്കുശേഷമാണു മുത്തലാഖ് ബില്‍ പരിഗണനയ്ക്കെടുത്തത്.

നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ, കോണ്‍ഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മയും തൃണമൂല്‍ കോണ്‍ഗ്രസിലെ സുഖേന്ദു ശേഖര്‍ റോയിയും ബില്‍ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രമേയം അവതരിപ്പിച്ചു. പ്രമേയങ്ങള്‍ വോട്ടിനിടാന്‍ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനോട് പ്രതിപക്ഷം ആവശ്യപ്പെട്ടത്തോടെ ഭരണപക്ഷത്തെ പിന്‍ബെഞ്ചുകാര്‍ ബഹളമുണ്ടാക്കി.

തുടര്‍ന്ന്, സിലക്ട് കമ്മിറ്റിക്കു വിടാനുള്ള പ്രമേയം ചട്ടപ്രകാരം ഒരുദിവസം മുന്‍പേ വിതരണം ചെയ്തിട്ടില്ലെന്നു സഭാ നേതാവ് അരുണ്‍ ജയ്റ്റ്ലി ക്രമപ്രശ്നമുന്നയിച്ചു. എന്നാല്‍, പ്രമേയം അവതരിപ്പിക്കാന്‍ സഭാധ്യക്ഷന്‍ അനുമതി നല്‍കിയതാണെന്നും സിലക്ട് കമ്മിറ്റിയിലേക്കു ഭരണപക്ഷത്തു നിന്നുള്ള പ്രതിനിധികളെ സര്‍ക്കാരിനു നിര്‍ദേശിക്കാമെന്നു പ്രമേയത്തില്‍ പറയുന്നുണ്ടെന്നും ആനന്ദ് ശര്‍മ മറുപടി നല്‍കി. നിയമനിര്‍മാണത്തിനു കോടതി നിര്‍ദേശിച്ചെന്ന ജയ്റ്റ്ലിയുടെ പരാമര്‍ശത്തില്‍ പിഴവുണ്ടെന്നു മുത്തലാഖ് കേസില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനുവേണ്ടി ഹാജരായ കപില്‍ സിബലും വിശദീകരിച്ചു.

തുടര്‍ന്ന്, പ്രതിപക്ഷ പ്രമേയങ്ങളില്‍ പിഴവില്ലെന്ന് ഉപാധ്യക്ഷന്‍ വ്യക്തമാക്കി. ഭരണപക്ഷം വീണ്ടും ബഹളത്തിലേക്കു തിരിഞ്ഞതോടെ സഭാ നടപടികള്‍ അവസാനിപ്പിച്ചു.ഇനി എങ്ങനെ മുന്നോട്ടെന്നു ഭരണ, പ്രതിപക്ഷ ധാരണ സാധ്യമായില്ലെങ്കില്‍ മുത്തലാഖ് ബില്‍ പ്രതിസന്ധിയിലായേക്കും.