കുട്ടികളുമായി വന്ന വിനോദയാത്രാ ബസ് വീടിനുള്ളില്‍ ഇടിച്ചുകയറി ; നിരവധിപ്പേര്‍ക്ക് പരിക്ക്
കോഴിക്കോട് പുതിയാപ്പയില്‍ കുട്ടികളുമായി വിനോദയാത്രയ്‌ക്ക് എത്തിയ ബസ്സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി നിരവധിപേര്‍ക്ക് പരിക്ക്. കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നെത്തിയ വിനോദ യാത്രാ സംഘമാണ് അപകടത്തില്‍ പെട്ടത്. 38 കുട്ടികളും അഞ്ച് അധ്യാപകരും അടക്കം 43 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ചില കുട്ടികളുടെ നില ഗുരുതരമാണ്.
പയ്യന്നൂർ പെരുമ്പയിൽ നിന്നുള്ള കണ്ണൻ എന്ന ബസ്സാണ് വൈകുന്നേരം മൂന്ന് മണിയോടെ അപകടത്തിൽപ്പെട്ടത്. പയ്യന്നൂരിലെ ഷേണായീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് വിനോദ യാത്രയ്‌ക്കായി കോഴിക്കോട് എത്തിയവരായിരുന്നു ബസിലുണ്ടായിരുന്നത്. ബീച്ചിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പരിസരത്തെ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുന്‍നിരയിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
20 കുട്ടികളെ ബേബി മെമ്മോറിയൽ ആശുപത്രിയിലും 13 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരുടെയും ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ള രണ്ട് പേരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബസ് ഇടിച്ചു കയറിയ വീട്ടിനുള്ളിലുണ്ടായിരുന്ന ഗര്‍ഭിണിക്ക് അടക്കം പരിക്കുണ്ട്. ഇവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.