എണ്ണവില 30 മാസത്തെ ഉയര്‍ന്ന നിലയില്‍;രാജ്യം വിലക്കയറ്റത്തിലേക്ക് നീങ്ങിയേക്കും

ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് (159 ലീറ്റര്‍) 68.13 ഡോളറായി ഉയര്‍ന്നു. 2015-മേയിലെ വിലനിലവാരത്തിലേക്കാണ് വിപണി ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഒപെക് രാജ്യങ്ങളും റഷ്യയും ഉല്‍പാദന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കെ,മറ്റൊരു പ്രമുഖ എണ്ണ ഉല്‍പാദക രാജ്യമായ ഇറാനില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളാണ് രാജ്യാന്തര വിപണിവില കുത്തനെ കൂടാന്‍ കാരണം.

ഏഷ്യന്‍ ഓഹരി വിപണി ഉയരങ്ങളിലേക്കു കുതിക്കുന്നതും പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്ക, ജപ്പാന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ അനുകൂലമായതും വിലവര്‍ധനയ്ക്കു കാരണമായെന്ന്വിപണിവൃത്തങ്ങള്‍ പറയുന്നു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി ബാധിക്കും. ആവശ്യമായ എണ്ണയുടെ 82 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.വില ഉയരുമ്പോള്‍ ഇറക്കുമതിച്ചെലവ് കുത്തനെ വര്‍ധിക്കും.മൊത്തം ഇറക്കുമതിച്ചെലവും കയറ്റുമതിവരുമാനവും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി വീണ്ടും ഉയരുമെന്ന സ്ഥിതി ആശാസ്യമല്ല.

ഈ സ്ഥിതിയുണ്ടാകുമ്പോള്‍,രാജ്യത്തെ എണ്ണ വിപണനക്കമ്പനികള്‍ വിലവര്‍ധന ഉപയോക്താക്കളിലേക്കു കൈമാറാനാണു സാധ്യത. അങ്ങനെ പെട്രോള്‍,ഡീസല്‍ വില ഉയര്‍ന്നാല്‍ വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകും. ഇന്ധനത്തിന്‍മേലുള്ള എക്‌സൈസ് തീരുവയും സംസ്ഥാന നികുതിയും കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ തയാറായാലേ ഇത് ഒഴിവാക്കാനാകൂ.