ആരാധകരുടെ പ്രതീക്ഷകള്‍ക്കും മേലെ പറന്നു കളിച്ച സൂപ്പര്‍ മച്ചാന് കിസിറ്റോയുടെ പേരോര്‍ത്തു വച്ചോളു ;ഇവന് ഇനി കസറും
കേരള ബ്ലാസ്റ്റേഴ്സിനിതെന്ത് പറ്റി എന്നാലോചിച്ച് നിരാശപ്പെട്ട ആരാധകര്‍ ഇന്നലത്തെ മത്സരത്തിലാണ് ഒന്ന് ശ്വാസം നേരെ വിട്ടത്.കാരണം ഈ സീസണ് തുടക്കം മുതല്‍ ഇഴയുക ആയിരുന്ന ബ്ലാസ്റ്റേഴ്സ് ശരിക്കും ബ്ലാസ്റ്റ് ചെയ്ത മത്സരമായിരുന്നു ഇന്നലത്തേത്.മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളി മാറിത്തുടങ്ങി എന്ന് ഇന്നലത്തെ മത്സരത്തിന്റെ രണ്ടാം പകുതി പറയുന്നു.
സ്വന്തം മണ്ണില്‍ ഗോള്‍രഹിത സമനിലയോടെ ബ്ലാസ്റ്റേഴ്സ് സീസണ് ആരംഭിച്ചപ്പോള്‍ തന്നെ ഏറെക്കുറെ ആരാധകരും പറഞ്ഞുതുടങ്ങിയത് ടീമത്ര പോരല്ലൊ..എന്നാണ് പിന്നീടുള്ള ഓരോ മത്സരവും ആവേശത്തെക്കാള്‍ ആശങ്കയോടെയാണ് ആരാധകര്‍ കാണാനെത്തിയത്.രണ്ടു മത്സരങ്ങളില്‍ ഉജ്ജ്വലമായി ബ്ലാസ്റ്റേഴ്സ് തോറ്റെങ്കിലും ബാക്കിയുള്ളവയില്‍ തോല്‍ക്കാതെ പലപ്പോഴും പിടിച്ചുനിന്നു എന്നുതന്നെ പറയാം.എങ്ങനെ കളിക്കണമെന്ന് പോലും ബ്ലാസ്റ്റേഴ്സ് ശരിക്കും മറന്നു.ആരാധകരുടെ മനസ്സ് നിറച്ച ഒരു പ്രകടനം ടീമിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിരുന്നില്ലെങ്കിലും അവര്‍ ബ്ലാസ്റ്റേഴ്സിനെ കൈവിട്ടില്ല.ടീം ശക്തമായി തിരിച്ചുവരുമെന്ന് ആരാധകര്‍ വിശ്വസിച്ചു.ആ വിശ്വാസം ആസ്ഥാനത്തല്ലെന്നു
ഇന്നലത്തെ പൂനെയ്ക്കെതിരായ മത്സരത്തിലെ രണ്ടാം പകുതിയോടെ ആരാധകര്‍ക്ക് മനസിലായി.
ആദ്യ പകുതിയില്‍ പൂനെ കെട്ടഴിച്ച കളിക്ക് കയ്യടി കൊടുക്കണം.താനങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കളിക്കുംപോലുള്ള പ്രകടനമായിരുന്നു ഗ്രൗണ്ടില്‍ നടന്നത്.ബ്ലാസ്റ്റേഴ്സിനായി ആരവമുയര്ത്താനെത്തിയ ആരാധകര്‍ തലയില്‍ കൈവച്ചുപോയ എത്ര നിമിഷങ്ങളിലായിരുന്നു ആദ്യ പകുതിയിലുണ്ടായത്.മ്യൂളസ്റ്റിനു പകരക്കാരനായെത്തിയ പഴയ ആശാന് ഡേവിഡ് ജെയിംസിനും ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് വ്യത്യാസം കൊണ്ടുവരാന്‍ കഴിയില്ലേ എന്നായിരുന്നു ആരാധകര്‍ ചിന്തിച്ചത്.ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനുള്ളില്‍ വട്ടമിട്ട് പരന്ന പുണെയുടെ മുന്നേറ്റ നിര പലപ്പോഴും ഗോളിയെയും പ്രതിരോധ നിരയെയും പരീക്ഷിച്ചു.പ്രതിഫലമായി ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡോടെയാണ് പൂനൈ വിശ്രമ വലയിലേക്ക് പോയത്. ഒരു ഗോളുമാത്രം ആയത് ആരാധകരുടെ പ്രാര്ത്ഥനകൊണ്ടാകും.അത്രയ്ക്ക് അവസരങ്ങളാണ് പൂനെ നേടിയെടുത്തത്.
എന്നാല്‍ രണ്ടാം പകുതില്‍ സൂപ്പര്‍ താരപദവിയുള്ള ബെര്‍ബറ്റോവിനെ പിന്‍വലിച്ച് കിസിറ്റോ എന്ന യുവ വിദേശ താരത്തെ ജെയിംസ് ഗ്രൗണ്ടിലേക്ക് എത്തിച്ചു.പിന്നീട് ആണ് കളി കണ്ടത്. കേരളത്തിന് ഇതുവരെ ഇല്ലാത്ത വേഗത, കേരളത്തിന്റെ കളിക്ക് ഇതുവരെയില്ലാത്ത സൗന്ദര്യം. ആദ്യ ടച്ച് മുതല്‍ കിസിറ്റോ ശരിക്കും കോരിത്തരിപ്പിച്ചു. ഓരോ ചലനവും ശരിക്കും കൃത്യതയോടെ ഫുട്ബോളില്‍ മാത്രം കാണാനാ കഴിയുന്ന സൗന്ദര്യത്തോടെ കിസീറ്റോ മുന്നോട്ട് കുതിച്ചപ്പോള്‍ കേരള ആരാധകര്‍ മനസ്സിലുറപ്പിച്ചു, തങ്ങള്‍ പ്രതീക്ഷിച്ചതിലും വേറെ ലെവലിലാണ് മച്ചാനെ കളിയെന്നു.മിഡ്ഫീല്‍ഡ് എന്നൊരു സാധനം കേരളത്തിന് ഉണ്ട് എന്ന് ആരാധകര്‍ക്കും ഫുട്ബോള്‍ കാണുന്നവര്‍ക്ക് അപ്പോഴാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
എതിര്‍താരങ്ങളെ കബളിപ്പിച്ചും ഡിഫന്‍സിനേയും ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിനേയും ബന്ധിപ്പിച്ചും കിസിറ്റോ കളിയെ തന്നെ മാറ്റി.ആക്രമിച്ചുകളിച്ച ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഗോള്‍ കിസീറ്റോയുടെ ഒന്നാന്തരമൊരു ത്രൂ
ബോള്‍ പേക്കൂസനു നല്കിയതിലൂടെയായിരുന്നു എന്ന് നാം മറക്കരുത്. ബ്ലാസ്റ്റേഴ്സിനെ മൊത്തമായി മാറ്റിയതില്‍ ജെയിംസ് എന്ന കോച്ചിനേക്കാള്‍ കിസിറ്റോയ്ക്കാണ് ക്രെഡിറ്റ് എന്നു പറയുന്നതില്‍ അതിശയോക്തിയില്ല.
ഇനിയുള്ള മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന എതിര് ടീമുകള്‍ ആദ്യം ആലോചിക്കുന്നത് കിസീറ്റോയെ എങ്ങനെ പൂട്ടാം എന്നതാകും.ഈ പ്രതിഭയുടെ തോളിലേറി ബ്ലാസ്റ്റേഴ്സ് ഒരുപാട് ദൂരം കുത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.