വിവാഹത്തിന് മുന്‍പ് പരസ്പരം സംസാരിച്ചതിന് പ്രതിശ്രുത വധൂവരന്മാരെ വെടിവച്ചു കൊന്നു
കറാച്ചി:വിവാഹത്തിനു മുന്‍പ് പരസ്പരം സംസാരിച്ചതിനു യുവതിയെയും യുവാവിനെയും മാതൃസഹോദരന്‍ വെടിവച്ചു കൊന്നു.പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണു ദുരഭിമാനക്കൊല നടന്നത്.ഘോട്ട്കി ജില്ലയിലെ നയി വാഹ ഗ്രാമത്തില്‍ പ്രതിശ്രുത വധൂവരന്മാര്‍ സംസാരിച്ചു നില്‍ക്കുന്നത് യുവതിയുടെ അമ്മാവന്‍ കണ്ടിരുന്നു.തുടര്‍ന്ന് അദ്ദേഹവും മറ്റു രണ്ടു ബന്ധുക്കളും കൂടെ ഇവരെ പിന്തുടരുകയും വെടിവച്ചു കൊല്ലുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ദുരഭിമാനക്കൊലയുടെ ഏറ്റവും അവസാന ഉദാഹരണമാണിതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദൗദ് ഭൂട്ടോ പറഞ്ഞു. സാധാരണ ഗതിയില്‍ കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നവരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തുന്നത്. എന്നാല്‍ കുടുംബത്തിന്റെ അനുവാദത്തോടെ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായി ഭൂട്ടോ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മാവന്മാരെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞവര്‍ഷം കറാച്ചിയില്‍ മാത്രം ഇത്തരത്തില്‍ മൂന്ന് ദുരഭിമാനക്കൊലകളാണ് നടന്നത്.