അസുഖം മൂലം അവശയായ അമ്മയെ കോളേജ് പ്രൊഫസര്‍ ആയ മകന്‍ ടെറസില്‍ നിന്നും തള്ളിയിട്ടു കൊന്നു (വീഡിയോ)

അസുഖം കാരണം കിടപ്പിലായ സ്വന്തം അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. രാജ്‌കോട്ടിലെ ഫാര്‍മസി കോളേജില്‍ അധ്യാപകനായ സന്ദീപ് നാഥ്‌വാനി(36)യെയാണ് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടികൂടിയത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകത്തില്‍ മകന്‍ പിടിയിലാകാന്‍ കാരണമായത് സി സി ടി വി ദൃശ്യങ്ങളാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 29 നാണ് ജയശ്രീ ബെന്‍ എന്ന വീട്ടമ്മ കെട്ടിട സമുച്ചയത്തിന് മുകളില്‍നിന്ന് വീണു മരിച്ചത്. അബദ്ധത്തില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചുവെന്നാണ് അയല്‍ക്കാര്‍ കരുതിയത്. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കെട്ടിട സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വീട്ടമ്മയെ മകന്‍ തള്ളിയിട്ടതാണെന്നു വ്യക്തമാകുന്നത്.

അമ്മയെ കെട്ടിടത്തിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം സന്ദീപ് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അമ്മയുടെ അസുഖംമൂലം മനംമടുത്താണ് ടെറസില്‍നിന്ന് തള്ളിയിട്ടതെന്ന് സന്ദീപ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ ആദ്യം കുറ്റം നിഷേധിച്ച ഇയാള്‍ പിന്നീട് പോലീസിനോട് കുറ്റസമ്മതം നടത്തി. നടക്കുവാന്‍ പോലും ആരോഗ്യം ഇല്ലാത്ത അമ്മയെ മകന്‍ എടുത്താണ് പടിക്കട്ടുകള്‍ കയറ്റിയത്. കുറച്ചു കഴിഞ്ഞു തനിച്ചു തിരികെ വരുന്ന ഇയാളുടെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു കഴിഞ്ഞു.