ആദ്യ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോള്‍ മറക്കാനാവുമോ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ശ്രീശാന്തിന്റെ ഈ ബൗളിംഗ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര ജയം ലക്ഷ്യമിട്ട് വിരാട് കോലിയും സംഘവും ഇന്ന് ആദ്യ ടെസ്റ്റ് കളിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ചിലപ്പോള്‍ ആദ്യമോര്‍ക്കുന്നത് 2006ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മലയാളി താരം ശ്രീശാന്തിന്റെ മിന്നല്‍പ്പിണര്‍ ബൗളിംഗ് പ്രകടനത്തെയാവും. അതിനുമുമ്പ് നടന്ന പരമ്പരകളിലൊന്നും ഒരു വിജയം പോലുമില്ലാതെ മടങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയം സമ്മാനിച്ചത് മലയാളി താരം ശ്രീശാന്തിന്റെ ബൗളിംഗായിരുന്നു.

ജൊഹ്നാസ്ബര്‍ഗില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 249 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷ കൈവിട്ടതാണ്. എന്നാല്‍ പോരാട്ടവീര്യത്തില്‍ ആര്‍ക്കും പിന്നിലല്ലാത്തവരാണ് മലയാളികളെന്ന് ശ്രീശാന്ത് കളത്തില്‍ തെളിയിച്ചു. പോരാട്ട വീര്യം ഒട്ടും ചോരാതെ ശ്രീ ഉജ്ജ്വലലാമായി പന്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് കേവലം 84 റണ്‍സില്‍ അവസാനിച്ചു. സ്വിംഗ് ബൗളിംഗിന്റെ സൗന്ദര്യം മുഴുവന്‍ പന്തുകളിലാവാഹിച്ച് ശ്രീയുടെ ബൗളിങ്ങിനുമുന്പില്‍ ദക്ഷിണാഫ്രി ആടിയുലഞ്ഞു. 40 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റായിരുന്നു ആദ്യ ഇന്നിംഗ്‌സില്‍ ശ്രീശാന്ത് പിഴുതെടുത്തത്.

ഉഗ്രനൊരു ഇന്‍സ്വിഗറിലൂടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിനെ മടക്കിയ ശ്രീ അംലയെയും എറിഞ്ഞിട്ടു. പിന്നീടായിരുന്നു ഒരുപക്ഷെ ശ്രീശാന്ത് കരിയറില്‍ തന്നെ എറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും മികച്ച പന്ത് പിറന്നത്. അതിന് മുന്നില്‍ വീണതോ ദക്ഷിണാപ്രിക്കന്‍ നിരയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിരുന്ന ജാക് കാലിസും. മാര്‍ക്ക് ബൗച്ചറെയും ഷോണ്‍ പൊള്ളോക്കിനയും കൂടി മടക്കിയാണ് ശ്രീ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം അവിസ്മരണീയമാക്കിയത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ജയം സമ്മാനിച്ച ശ്രീശാന്ത് തന്നെയായിരുന്നു ആ മത്സരത്തില്‍ കളിയിലെ കേമനായത്.ഈ പരമ്പരയില്‍ അതുപോലൊരു പ്രകടനമാണ് ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നതും.