സൗദിയില്‍ കൊട്ടാരവിപ്ലവം ; സമരം ചെയ്ത 11 രാജകുമാരന്‍മാര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ ഭരണകൂടം തുടരുന്ന കടുത്ത ചെലവ് ചുരുക്കല്‍ നടപടിക്ക് എതിരെ സമരം ചെയ്ത 11 രാജകുമാരന്‍മാര്‍ അറസ്റ്റിലായി. രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെ റിയാദിലെ ഒരു കൊട്ടാരത്തില്‍ ഒത്തുചേരുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുമാരന്‍മാര്‍ക്ക് ഇതുവരെ നിരവധി ഇളവുകള്‍ ലഭിച്ചിരുന്നു. ഇവരുടെ ഉപഭോഗത്തിന്റെ ഭാഗമായി വരുന്ന എല്ലാ ചെലവുകളും സര്‍ക്കാരാണ് വഹിച്ചിരുന്നത്. എന്നാല്‍ ഇത് നിര്‍ത്തലാക്കി പുതിയ ഉത്തരവ് വന്നിട്ടുണ്ട്. അതാണ് രാജകുമാരന്‍മാരെ ചൊടിപ്പിച്ചത്. വെള്ളക്കരം, വൈദ്യുതി ബില്ല് തുടങ്ങിയ എല്ലാ ചെലവുകള്‍ക്കും വരുന്ന ബില്ല് ഇനി രാജകുമാരന്‍മാര്‍ സ്വന്തമായി അടയ്ക്കണം. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നിര്‍ദേശം എല്ലാ വകുപ്പുകളിലും നിലവില്‍ വന്നുകഴിഞ്ഞു.

ഇതോടെയാണ് രാജാവിനും സര്‍ക്കാരിനുമെതിരേ പ്രതിഷേധിക്കാന്‍ രാജകുടുംബാംഗങ്ങള്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള കൊട്ടാരത്തില്‍ ഒത്തുചേര്‍ന്നത്. ഇവര്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയും കൊട്ടാരം വിട്ടുപോകാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ തടവിലാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ക്കെതിരായി വിചാരണ നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേസമയം തടവിലായവര്‍ ആരൊക്കെയന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല. റിപ്പോര്‍ട്ടിനോട് രാജകുടുംബത്തിലേയോ സര്‍ക്കാരിലേയോ പ്രമുഖര്‍ പ്രതികരിച്ചിട്ടില്ല. ഇതുവരെ നല്‍കിയിരുന്ന നിരവധി സബ്‌സിഡികള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. മാത്രമല്ല, മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുകയും ചെയ്തു. ശമ്പളത്തിന് പുറമെ രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്ന തുകയും വെട്ടിക്കുറച്ചിട്ടുണ്ട്.