കാനഡയില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപ്പിടിത്തം;വീഡിയോ പുറത്ത്

ടൊറന്റോ: കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു.ഇടിയുടെ ആഘാതത്തില്‍ ഒരു വിമാനത്തിന്‍ പിന്‍ഭാഗത്തിന് തീപ്പിടിച്ചു.അപകടസമയത്ത് യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നു.തീപിടുത്തമുണ്ടായതിനെത്തുടര്‍ന്നു യാത്രക്കാരെ എമര്‍ജെന്‍സി സ്ലൈഡ് വഴി പുറത്തിറക്കുകയായിരുന്നു. വിമാനത്തിന് തീപ്പിടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വെസ്റ്റ് ജെറ്റ്, സണ്‍വിങ് കമ്പനികളുടെ വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.സണ്‍ വിങ് വിമാനത്തിനാണ് തീപ്പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ജെറ്റിന്റെ ആറ് ജീവനക്കാരും 168 യാത്രക്കാരെയും വഹിച്ചിരുന്ന WS2425 ബോയിങ്-737-800 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഗേറ്റിലേക്ക് പോവാന്‍ തുടങ്ങുകയായിരുന്ന വെസ്റ്റ് ജെറ്റ് വിമാനവുമായി സണ്‍ വിങ് വിമാനം ഇടിക്കുകയായിരുന്നു.അതെ സമയം അപകടത്തില്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമീക വിവരം.

അത്യാഹിത,അടിയന്തിര വിഭാഗങ്ങളുടെ സമയബന്ധിതമായ ഇടപെട്ടുവെന്നും യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചുവെന്നും ടൊറന്റോ വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.

ടൊറന്റോ വിമാനത്താവളത്തില്‍ അഞ്ച് മാസത്തിനിടെയുണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്. ആഗസ്റ്റില്‍ ഒരു പൊളിഷ് പാസഞ്ചര്‍ ജെറ്റിന്റെ ചിറക് റണ്‍വേയില്‍ തട്ടി അപകടത്തില്‍ പെട്ടിരുന്നു. അന്നും ജീവഹാനികളൊന്നും സംഭവിച്ചിട്ടില്ല.