പാലക്കാട് വന്‍ സ്വര്‍ണ്ണവേട്ട ; രണ്ടിടത്തായി പിടികൂടിയത് എട്ടരക്കോടിയുടെ സ്വര്‍ണം
സ്വര്‍ണ്ണകടത്തിന്‍റെ മുഖ്യ ഇടമായി പാലക്കാട് മാറുന്നുവോ. വെള്ളിയാഴ്ച ഒരു ദിവസം കൊണ്ട് പാലക്കാട് പിടികൂടിയത് എട്ടരക്കോടിയുടെ സ്വര്‍ണം. വാളയാറും കുഴല്‍മന്ദത്തുമായാണ് സ്വര്‍ണ്ണം പിടികൂടിയത്. വാളയാറില്‍ വാഹനപരിശോധനക്കിടെ പോലീസ് നാലുകിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയപ്പോള്‍ കുഴല്‍മന്ദത്ത് എക്‌സൈസ് അധികൃതര്‍ ബസില്‍ രേഖകളില്ലാതെ കടത്തുകായായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്. വാളയാര്‍ ടോള്‍ബൂത്തിനടുത്ത് വാഹനപരിശോധനക്കിടെയാണ് കാറില്‍ രഹസ്യ അറ നിര്‍മിച്ച് കടത്തുകയായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. വാഹനം പരിശോധിച്ച സമയം നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളുടെ കവര്‍ ലഭിച്ചു. തുടര്‍ന്ന് പുകയില ഉത്പന്നങ്ങള്‍ കടത്തുന്ന സംഘം ആണെന്ന് സംശയിച്ച് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഹാന്‍ഡ്‌ബ്രേക്കിനടിയിലായി തീര്‍ത്ത രഹസ്യ അറ കണ്ടെത്തിയത്.
മാല, കമ്മല്‍, നെക്ലേസ്, മോതിരങ്ങള്‍ എന്നിവയായിരുന്നു അറയ്ക്കകത്തുണ്ടായിരുന്നത്. കോഴിക്കോട്ടെ ആഭരണശാലയിലേക്ക് കൊണ്ടപോവുകയായിരുന്നു ഇവയെന്ന് കാറിലുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞു. അടുത്തതായി രേഖകളില്ലാതെ ബെംഗളൂരുവില്‍നിന്ന് തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന 2007.45 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കുഴല്‍മന്ദത്ത് എക്‌സൈസ് സംഘം പിടികൂടിയത്. പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് രാജസ്ഥാന്‍ സ്വദേശി ആധാറാം ചൗധരിയാണ് സ്വര്‍ണവുമായി എക്‌സൈസിന്റെ പിടിയിലായത്. ചിതലി അഞ്ചുമുറി ജങ്ഷനില്‍നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. വിപണിയില്‍ അരക്കോടി രൂപ വിലമതിക്കുന്നവയാണ് ഇവ.