ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ശക്തിപ്പെടുത്താന്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു വമ്പന്‍ ഉപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 എന്ന ഉപഗ്രഹമാണ് ഐ.എസ്.ആര്‍.ഒ തയ്യാറാക്കിയിരിക്കുന്നത്. രാജ്യം ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്.

ജിസാറ്റ്-11 ഭ്രമണ പഥത്തിലെത്തിക്കുന്നതിലൂടെ ഇന്ത്യയുടെ ഗ്രാമീണ മേഖലയെ ഡിജിറ്റല്‍വത്കരിക്കുന്നതിന് സഹായകമാവും. ഇന്ത്യയിലെ ടെലികോം രംഗത്തെ ഒരു വിപ്ലവകരമായ മാറ്റത്തിനും ഇത് വഴിവെക്കും.

ഫ്രഞ്ച് എരിയന്‍-5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കെയ്റോയിലേക്ക് കൊണ്ടുപോവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.അതെ സമയം എന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

500 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച ഈ വമ്പന്‍ ഉപഹ്രത്തിന് നാല് മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല് സോളാര്‍ പാനലുകളും ഉയര്‍ന്ന മേല്‍ക്കൂരയുള്ള ഒരു മുറിയുടെ അത്രയും വലിപ്പമുവുണ്ട്.

‘രാജ്യത്തിന് ഒരു പുതിയ ശേഷി പ്രദാനം ചെയ്യുന്നതിന് വേണ്ടിയാണ് ഈ ശ്രമം..ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് എന്നത് ഒരു സൂചന മാത്രമാണ്. ഗ്രാമപഞ്ചായത്തുകള്‍, താലൂക്കുകള്‍, സുരക്ഷാ സേനകള്‍ എന്നിവയ്ക്കായുള്ള ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ള കണക്റ്റിവിറ്റിയാണ് നമുക്ക് വേണ്ടത്.’ ഐ.എസ്.ആര്‍ഒ എ.എസ്. കിരണ്‍ കുമാര്‍ പറഞ്ഞു.

ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രങ്ങളുടെ ആക ശേഷിയ്ക്ക് തുല്യമാണ് ജിസാറ്റ്-11. കൂടാതെ 30 ക്ലാസിക്കല്‍ ഓര്‍ബിറ്റിങ് ഉപഗ്രഹങ്ങളെ പോലെയാണ് ഈ ഉപഗ്രഹം. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക് റെക്കോഡാണ് ഫ്രഞ്ച് എരിയന്‍-5 റോക്കറ്റിനുള്ളത്.