ഓഖി ദുരിതാശ്വാസ ഫണ്ട് ; സംഭാവനയായി ഐ പി എസ് ഉദ്യോഗസ്ഥന്‍ നല്‍കിയത് 250 രൂപ ; കൂടുതല്‍ തരില്ല എന്ന് പ്രഖ്യാപനവും
തിരുവനന്തപുരം : കേരള സംസ്ഥാനത്തിനെ തന്നെ പിടിച്ചു കുലുക്കിയ ഒരു ദുരന്തമായിരുന്നു വീശിയടിച്ച ഓഖി ചുഴലിക്കാറ്റ്. നഷ്ടപരിഹാരമായി കേന്ദ്രത്തിനോട് ആവശ്യപ്പെട്ട തുക ലഭിക്കാത്തത് കാരണം മുഖ്യമന്ത്രി സംസ്ഥാനത്ത് രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്തരത്തില്‍ കേരളത്തിലെ മുതിര്‍ന്ന ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍ നല്‍കിയ സംഭവന കണ്ട് മുഖ്യമന്ത്രി പോലും ചിലപ്പോള്‍ പകച്ചു പോയിക്കാണും. 250 രൂപ. എഴുതിയത് ചിലപ്പോള്‍ തെറ്റിയതാകും എന്ന് കരുതി കൂടെയുള്ള പൊലീസുകാര്‍ ജില്ലാ ട്രഷറിയിലെ അപേക്ഷാഫോം പരിശോധിച്ചപ്പോഴാണ് സാമൂഹിക പ്രതിബദ്ധതയുളള ഐപിഎസുകാരന്റെ തനിനിറം സഹപ്രവര്‍ത്തകര്‍ക്ക് മനസിലാക്കാന്‍ സാധിച്ചത്. സാധാ റാങ്കിലുള്ള പൊലീസുകാര്‍ പോലും 1,000 രൂപയില്‍ കുറയാത്ത തുക സംഭാവനയായി നല്‍കിയപ്പോഴാണ് മാസം പതിനായിരക്കണക്കിന് വാങ്ങുന്ന ഉദ്യോഗസ്ഥരില്‍നിന്നും ഇത്തരം സമീപനങ്ങളുണ്ടാകുന്നത്.
എന്നാല്‍ സംഭവം വിവാദമായതോടെ ഐപിഎസ് ഉദ്യോഗസ്ഥന്‍ സംഭാവന ഇരട്ടിയാക്കി. 5,00 രൂപ അതിലപ്പുറം തരാന്‍ കഴിയില്ല എന്ന് പ്രഖ്യാപനവും. കേരളത്തില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറഞ്ഞത് ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരുന്നു. മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരെല്ലാം ചേര്‍ന്ന് 20 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. എന്നാല്‍ ധനസഹായമായി ഒരു രൂപ പോലും നല്‍കാത്ത ഉദ്യോഗസഥരും ഇവര്‍ക്കിടയിലുണ്ട് എന്നതാണ് ഏറെ പരിതാപകരം. ജുഡീഷ്യല്‍ അധികാര പരിധിയില്‍വരുന്ന ഉദ്യോഗസ്ഥരും അവരില്‍പ്പെടുന്നുവെന്നത് വേറൊരു യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം ഒാഖി ഫണ്ടിലേക്ക് സംഭാവനയായി നല്‍കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ പിന്നീട് സര്‍വീസ് സംഘടനകളുടെ അഭിപ്രായം മാനിച്ച് രണ്ട് ദിവസത്തെ ശമ്പളമോ ജീവനക്കാര്‍ തീരുമാനിക്കുന്ന രീതിയില്‍ നിശ്ചിത ദിവസത്തെ ശമ്പളമോ എന്നാക്കി മാറ്റുകയായിരുന്നു.