അയ്യപ്പന്മാരെ സന്നിധാനത്തെത്തിക്കാന്‍ കെഎസ്ആര്‍ടിസി; മകരവിളക്കിന് സര്‍വീസ് നടത്തുന്നത് 1000 ബസ്സുകള്‍

പത്തനംതിട്ട: ഭക്തര്‍ക്ക് ശബരിമലയിലേക്കുള്ള യാത്ര സുഖമമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 1000 കെ.എസ്.ആര്‍.ടി.സി ബസ്സുകളായിരിക്കും സന്നിധാനത്തേക്ക് സര്‍വീസ് നടത്തുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം മകരവിളക്ക് ദിവസം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. അുകൊണ്ടു തന്നെ ഇത്തവണ അത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.

ബസുകളുടെ സര്‍വീസ് സുഗമമാക്കുന്നതിന് കോന്നി തഹസില്‍ദാരെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചു.കെ.എസ്.ആര്‍.ടി.സിയും പോലീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. മകരവിളക്ക് ദര്‍ശനത്തിന് ശേഷം കെഎസ്ആര്‍ടിസി രണ്ട് ട്രിപ്പ് ചെയിന്‍ സര്‍വീസുകള്‍ നിലയ്ക്കലേക്ക് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ.

ജനുവരി 14നാണ് ശബരിമലയില്‍ മകരവിളക്ക് ഉത്സവം. അതുകൊണ്ട് തന്നെ ജനുവരി 13,14,15 തീയതികളില്‍ ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ നിരോധിക്കുകയും 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഗവിയിലേക്കുള്ള യാത്ര നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം മകരവിളക്ക് ദര്‍ശനത്തിനായി കൂടുതല്‍ ഭക്തന്മാരെത്തുന്നതിനാല്‍ സന്നിധാനത്ത് സുരക്ഷ കര്‍ശനമാക്കി.