നോട്ട് നിരോധനം കാരണം ജീവിതം നശിച്ചു ; ബി.ജെ.പി ഓഫീസില്‍ വ്യവസായിയുടെ ആത്മഹത്യാ ശ്രമം

ഡെറാഡൂണ്‍ : ബി.ജെ.പി ഓഫീസില്‍ വ്യവസായിയുടെ ആത്മഹത്യാശ്രമം. ഉത്തരാഖണ്ഡ് കൃഷിമന്ത്രി സുബോധ് ഉനിയാലിന്റെ ഡെറാഡൂണിലെ ഓഫിസിലെത്തിയാണ് പ്രകാശ് പാണ്ഡെ എന്നയാള്‍ വിഷം കഴിച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ചത്. കടകളിലും മറ്റും ചരക്ക് എത്തിച്ചിരുന്ന ഇയാളുടെ തൊഴില്‍ 2016ലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് നഷ്‌ടത്തിലായെന്നാണ് ആരോപണം. വായ്പകള്‍ തിരിച്ചടയ്‌ക്കാന്‍ കഴിയാതെ കടുത്ത പ്രതിസന്ധിയിലായി. ലോണുകളുടെ പലിശ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രിക്കും ബിജെപി അധ്യക്ഷനും കത്തയച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇയാള്‍ പറഞ്ഞു. തന്റെ കഥ വിവരിച്ച ശേഷം ഇയാള്‍ സുബോധ് ഉനിയാലിന്റെ ഓഫീസില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ മന്ത്രിയുടെ കാറില്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ചതിന് ശേഷമാണ് പാര്‍ട്ടി ഓഫിസില്‍ എത്തിയതെന്ന് സംശയിക്കുന്നതായി മന്ത്രി അറിയിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം പ്രകാശിന്റെ ജീവിതത്തില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവം അല്ല എന്നാണു അനുഭവസ്ഥര്‍ പറയുന്നത്.