അവസാന ടെസ്റ്റിലും തോല്‍വി;ഇംഗ്ലണ്ടിന് ആശ്വാസിക്കാന്‍ വകനല്‍കാതെ ആഷസ്;ഓസ്ട്രേലിയയുടെ പരമ്പര നേട്ടം 4-0-ത്തിന്
സിഡ്‌നി:ആശ്വാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലീഷ് നിരയ്ക്ക് ഓസിസ് ബൗളിംഗ് നിര മികച്ച പ്രതിരോധം തീര്‍ത്തപ്പോള്‍ ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും കൂറ്റന്‍ തോല്‍വി വഴങ്ങി ഇംഗ്‌ളണ്ട്. ഇന്നിങ്സിനും 123 റണ്‍സിനും ഇംഗ്ലണ്ടിനെ ചാരമാക്കി 4-0 ത്തിനു പരമ്പര നേട്ടവുമായി ഓസിസ്.303 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് കടവുമായിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 180 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസ് താരങ്ങളായ പാറ്റ് കുമ്മിന്‍സ് കളിയിലെ കേമനായും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരയിലെഒന്ന്,രണ്ട്,മൂന്ന് അഞ്ച് ടെസ്റ്റുകള്‍ തോറ്റ ഇംഗ്ലണ്ടിന് നാലാം ടെസ്റ്റില്‍ നേടിയ സമനില മാത്രമാണ് ഈ ആഷസ് പരമ്പരയില്‍ ആശ്വസിക്കാനുള്ളത്.
സ്‌കോര്‍: ഇംഗ്ലണ്ട് – 346, 180. ഓസ്‌ട്രേലിയ – 649/7 ഡിക്ലയേര്‍ഡ്
നാലാം ദിനം ഓസീസ് ബോളര്‍മാരെ പ്രതിരോധിച്ചുനിന്ന ക്യാപ്റ്റന്‍ ജോ റൂട്ട് അവസാന ദിനം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ പരുക്കേറ്റു കയറിയപ്പോള്‍ത്തന്നെ ഇംഗ്ലണ്ടിന്റെ വിധി വ്യക്തമായിരുന്നു. റൂട്ടിനൊപ്പം പ്രതിരോധം ചമച്ച ജോണി ബെയര്‍സ്റ്റോ 38 റണ്‍സുമായി കുമ്മിന്‍സിന് വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറിയതോടെ സന്ദര്‍ശകരുടെ തോല്‍വി ഉറപ്പിച്ചു.
മോയിന്‍ അലി (13), സ്റ്റ്യുവാര്‍ട്ട് ബ്രോഡ് (4), ക്രെയ്ന്‍ (രണ്ട്), ജയിംസ് ആന്‍ഡേഴ്‌സന്‍ (രണ്ട്) എന്നിവരും കാര്യമായ ചെറുത്തുനില്‍പ്പു നടത്താതെ കീഴടങ്ങിയപ്പോള്‍ പുറത്താകാതെ 23 റണ്‍സുമായി ടോം കുറാന്‍ നടത്തിയ ശ്രമവും വിഫലമായി. ഓസീസിനായി പാറ്റ് കുമ്മിന്‍സ് നാലും നേഥന്‍ ലിയോണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, 303 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയിരുന്നു. അലസ്റ്റയര്‍ കുക്ക് (10), സ്റ്റോണ്‍മാന്‍ (0), ജയിംസ് വിന്‍സ് (18), ഡേവിഡ് മിലന്‍ (അഞ്ച്) എന്നിവരാണ് പുറത്തായത്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 42 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും 17 റണ്‍സുമായി ജോണി ബെയര്‍സ്റ്റോയുമായിരുന്നു ക്രീസില്‍.
ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ ഉസ്മാന് ഖവാജ (171), ഷോണ്‍ മാര്‍ഷ് (156), മിച്ചല്‍ മാര്‍ഷ് (101) എന്നിവരുടെ പ്രകടനമായിരുന്നു നാലാം ദിനം ഓസീസ് ഇന്നിങ്‌സിലെ ഹൈലൈറ്റ്‌സ്.
നാലിന് 479 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിനായി ഷോണ്‍ മാര്‍ഷ് തുടക്കത്തില്‍ത്തന്നെ സെഞ്ചുറി പൂര്‍ത്തിയാക്കി. മൂന്നാം വിക്കറ്റില്‍ ഖവാജ-സ്മിത്ത് സഖ്യവും (188), നാലാം വിക്കറ്റില്‍ ഷോണ്‍ മാര്‍ഷ്-ഉസ്മാന്‍ ഖവാജ സഖ്യവും (101), അഞ്ചാം വിക്കറ്റില്‍ ഷോണ്‍ മാര്‍ഷ്-മിച്ചല്‍ മാര്‍ഷ് സഖ്യവും (169) കൂട്ടിച്ചേര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടുകളാണ് ഓസീസിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.