‘ചെരുപ്പ് കള്ളന്‍ പാക്കിസ്ഥാന്‍’ കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചതിനെതിരെ ഒരു വ്യത്യസ്ത പ്രതിഷേധം

വാഷിങ്ടന്‍:ഇന്ത്യന്‍ ചാരാണെന്നാരോപിച്ച് പാക്കിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാനെത്തിയ അമ്മയെയും,ഭാര്യയേയും അപമാനിച്ച സംഭവത്തില്‍ യു.എസിലെ പാക്ക് എംബസിക്കുമുന്നില്‍ പ്രതിഷേധം. ചെരുപ്പു കള്ളന്‍ പാക്കിസ്ഥാന്‍ (#ChappalChorPakistan) എന്ന ഹാഷ്ടാഗുമായി ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരും ബലൂചിസ്ഥാന്‍ സ്വദേശികളുമാണ് വാഷിങ്ടന്‍ ഡിസിയിലെ പാക്കിസ്ഥാന്‍ എംബസിക്കുമുന്നില്‍ ചെരുപ്പുകളുമായി പ്രതിഷേധം നടത്തിയത്. ജാദവിന്റെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണു പ്രതിഷേധം സംഘടിപ്പിച്ചത്.

ഡിസംബര്‍ 25-ന് പാക്ക് സര്‍ക്കാരിന്റെ അനുവാദത്തോടെ കുല്‍ഭൂഷനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയുടെ കാലില്‍ കിടന്ന ചെരുപ്പ് രഹസ്യവസ്തുവുണ്ടെന്ന് ആരോപിച്ചു പാക്കിസ്ഥാന്‍ ഊരിമാറ്റിയിരുന്നു. പിന്നീട് ഇവ തിരികെ നല്‍കിയതുമില്ല.കൂടാതെ ഇവരുടെ താലിമാലയും പാക്കിസ്ഥാന്‍ ഊരിവാങ്ങി.ഈ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്ക് എംബസിക്കുമുന്നില്‍ പ്രതിഷേധക്കാര്‍ ചെരുപ്പുകളുമായി പ്രതിഷേധിച്ചത്. ഉപയോഗിച്ചു പഴകിയ ചെരുപ്പുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്.

സങ്കടപ്പെട്ടു നില്‍ക്കുന്ന, തകര്‍ന്നുപോയ യുവതിയില്‍നിന്നു ചെരുപ്പ് കട്ടെടുത്ത പാക്കിസ്ഥാന് ഈ ചെരുപ്പുകളും ഉപയോഗിക്കാനാകും- പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. പാക്കിസ്ഥാന്റെ ഇടുങ്ങിയ ചിന്താഗതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനെ നയിക്കുന്നത് ഇത്തരം ഇടുങ്ങിയ ചിന്താഗതിക്കാരാണെന്നു നയം രൂപീകരിക്കുന്നവര്‍ ചിന്തിക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.