ബെംഗളൂരുവില്‍ ബാറിന് തീപിടിച്ച് അഞ്ചു തൊഴിലാളികള്‍ വെന്തുമരിച്ചു
ബെംഗളൂരു:ബംഗളൂരു നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ റസ്റ്റോറന്റിലുണ്ടായ അഗ്‌നിബാധയില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കലാസിപ്പാളയത്തെ കൈലാഷ് ബാര്‍ റസ്റ്റോറന്റിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്.ബാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാര്‍ ജീവനക്കാരാണ് വെന്ത് മരിച്ചത്.
തുംകൂര്‍ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹാസ്സന്‍ സ്വദേശി മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിനി കീര്‍ത്തി (24) എന്നീ തൊഴിലാളികളാണ് മരിച്ചത്.മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചു.തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ ചികിത്സയിലാണ്.
കെ.ആര്‍ മാര്‍ക്കറ്റിനു സമീപം കുംബാര സംഘ കെട്ടിടത്തിന്റെ താഴത്തെ നിലയിലായാണ് ബാര്‍ പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചെ 2.30ഓടെ കെട്ടിടത്തിനുള്ളില്‍ നിന്ന് പുകയും തീയും കണ്ടതായി സമീപവാസികള്‍ പറഞ്ഞു. ഉടന്‍തന്നെ അഗ്‌നിശമനസേന എത്തി തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.