സിഗരറ്റ് നിര്‍മ്മാണം നിര്‍ത്തുന്നു:മലയാളികളുടെ പ്രീയപ്പെട്ട മാള്‍ബറോ ഇനി ഓര്‍മ്മകളില്‍ മാത്രം

ഒരുകാലത്ത് മലയാളിയുടെ ആഢംബര ചിഹ്നങ്ങളില്‍ ഒന്നായിരുന്ന മാള്‍ബറോ സിഗരറ്റ് ഓര്‍മ്മയാകുന്നു. മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് പുകയില കമ്പനി മേഖലയിലെ അതികായന്മാരായ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സിഗരറ്റ് വലി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് പുതുവര്‍ഷ പ്രതിജ്ഞയായി ബ്രിട്ടനിലെ പ്രധാന ദിനപത്രങ്ങളില്‍ കമ്പനി കഴിഞ്ഞ ദിവസം പരസ്യം നല്‍കി ഞെട്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് സിഗരറ്റ് നിര്‍മ്മാണം തന്നെ നിര്‍ത്തുകയാണെന്ന പ്രഖ്യാപനവുമായി കമ്പനി രംഗത്തെത്തിയത്.

പുകവലിരഹിത ഭാവിക്കായുള്ള നിര്‍ണായക ചുവടുവെപ്പെന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സിഗരറ്റ് നിര്‍മ്മാണത്തില്‍ നിന്ന് മാറി ഇ-സിഗരറ്റ് മേഖലകളിലേക്കാണ് കമ്പനിയുടെ ചുവടുവയ്ക്കുന്നത്.ഇതോടെ പുകയില്ലാത്ത ഉത്പന്നങ്ങളിലേക്ക് മാറുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഭാവിയില്‍ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഉപയോക്താക്കളെ ഇ-സിഗരറ്റ് രംഗത്തേക്ക് ആകര്‍ഷിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു.

ഫിലിപ്പ് മോറിസ് ഇന്റര്‍നാഷണലിന്റെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് സിഗരറ്റാണ് മാള്‍ബറോ. ലോകമെമ്പാടുമായി 180 രാജ്യങ്ങളില്‍ ഇവരുടെ സിഗരറ്റ് വില്‍ക്കപ്പെടുന്നുണ്ട്. പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ്, ഇന്‍ഡോനേഷ്യയില്‍ പുറത്തിറക്കിയ ക്രീറ്റെക്, ലോങ്ബീച്ച്, മാള്‍ബറോയുടെ വിവിധ വകഭേദങ്ങള്‍, എല്‍ആന്‍ഡ് എം, എസ്.ടി ഡുപ്പോണ്ട്, തുടങ്ങിയ ബ്രാന്‍ഡുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. സ്മോക് ഫ്രീ ഫ്യൂച്ചര്‍ എന്ന പേരില്‍ വെബ്സൈറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ഉപയോഗരീതി എങ്ങനെ തുടങ്ങിയ കാര്യങ്ങളും സൈറ്റില്‍ ലഭ്യമാണ്.