ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ തന്നെ; വധത്തില്‍ ദുരൂഹതയില്ലെന്നും പുനരന്വേഷണം വേണ്ടെന്നും അമിക്കസ്‌ക്യൂറി
ദില്ലി:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തില്‍ ദുരൂഹതയില്ലെന്നും സംഭവത്തില്‍ പുനഃന്വേഷണം വേണ്ടെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്.ഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്‌സെ തന്നെയാണെന്നും അമിക്കസ്‌ക്യൂറി സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
ഗാന്ധി വധത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സവര്‍ക്കര്‍ അനുയായി നല്‍കിയ ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. ഗോഡ്‌സെ അല്ലാതെ മറ്റൊരാള്‍ ഉതിര്‍ത്ത വെടിയുണ്ട ഏറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്ന വാദമുയര്‍ത്തിയാണ് ഇയാള്‍ പുനരന്വേഷണ ഹര്‍ജി നല്‍കിയത്.എന്നാല്‍ ഈ വാദത്തിനു തെളിവില്ലെന്നും അമിക്കസ്‌ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റി ആയ പങ്കജ് ആണ് പുനരന്വേഷണം ആവശ്യപ്പെട്ടത്. നേരത്തേ ബോംബെ ഹൈക്കോടതി പങ്കജിന്റെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഗാന്ധിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്‌സെയുടെ തോക്കില്‍ നിന്നല്ലെന്നും മറ്റൊരാള്‍ ഉതിര്‍ത്ത വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്നുമായിരുന്നു ഇയാളുടെ വാദം.
1948 ജനുവരി 30നായിരുന്നു ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധി മരിച്ചത്.