സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കും

സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. സമൂഹത്തിന്റെ ധാര്‍മ്മികത കാലത്തിനൊത്ത് മാറേണ്ടതാണെന്ന പരാമര്‍ശത്തോടെയാണ് ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ടത്. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 377-ാം വകുപ്പ് നിലനില്‍ക്കുമെന്ന 2013 ലെ വിധി പുനപ്പരിശോധിക്കുമെന്ന് സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതിയിലെ ഭരണഘടനബെഞ്ച് വ്യക്തമാക്കി.

സ്വകാര്യകത മൗലിക അവകാശമാണെന്ന ഒമ്പതംഗ ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടി സ്വവര്‍ഗാനുരാഗികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്, ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. സ്വവര്‍ഗരതി സ്വകാര്യതയുടെ ഭാഗമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.ഐപിസി 377 പ്രകാരം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റമാണ്. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികതയും കുറ്റകരമായി കണക്കാക്കുന്നതിനാല്‍ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവിതേജ് സിങ് ജോഹര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം വന്നത്.

നിയമം ജീവിതത്തിന് എതിരെയല്ല, ജീവിതത്തിനൊപ്പമാണ് സഞ്ചരിക്കേണ്ടതെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് പറഞ്ഞു. ജീവിതത്തിലെ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിന് എന്നും ഭയത്തോടെ ജീവിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. സമൂഹത്തിന്റെ ധാര്‍മ്മികത കാലത്തിനൊത്ത് മാറേണ്ടതാണെന്നും കോടതി പറഞ്ഞു.

സ്വവര്‍ഗ്ഗരതി കുറ്റകരമാകുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് 2013ല്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ശരിവെച്ചിരുന്നു. അതിനെതിരെ വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്. പിന്നീട് വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തന്നെ തീരുമാനിച്ചു. ഇതിനിടെയാണ് സ്വകാര്യത മൗലിക അവകാശമാണെന്ന വിധി വന്നത്.

ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയാണ് ജോഹര്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയസമ്മതത്തോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടാല്‍ അവരെ ജയിലിലടയ്ക്കാനാവില്ലെന്ന് ജോഹറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ വാദിച്ചു.