നടിയെ ആക്രമിച്ച കേസ് : പോലീസ് കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി ഇന്ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം കോടതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന നടന്‍ ദിലീപിന്റെ പരാതിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നു വിധി പറയും. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പൊലീസാണു കുറ്റപത്രം ചോര്‍ത്തി നല്‍കിയതെന്നും,ഇതു ദുരുദ്ദേശപരമാണെന്നും കുറ്റപത്രം ചോര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ദിലീപാണു കുറ്റപത്രം ചോര്‍ത്തിയതെന്ന വാദമാണു പൊലീസ് കോടതിയില്‍ ഉന്നയിച്ചത്. ദിലീപ് ഹരിശ്ചന്ദ്രന്‍ അല്ലെന്നും ഫോണ്‍ രേഖകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു. കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ കോടതി പൊലീസിനോടു വിശദീകരണം തേടിയിരുന്നു.
കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തുവന്നത്.