‘ഹാവൂ..അങ്ങനെ, സച്ചിന്റെ ആ നാണക്കേടിന്റെ റെക്കോര്‍ഡ് കുക്കിന്റെ പേരിലായി’

സിഡ്നി:ഇംഗ്ലണ്ട് ഒരിക്കലും ഓര്‍ക്കാത്ത ആഷസ് പരമ്പരയാണ് കടന്നു പോയത്.അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ നാല് കളികളില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു.പരമ്പരയില്‍ ആശ്വസിക്കാനല്ലത് നാലാം ടെസ്റ്റിലെ സമനില മാതരം.എന്നാല്‍ വെറ്ററന്‍ അലിസറ്റര്‍ കുക്ക് ചില വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് പരമ്പര അവസാനിപ്പിച്ചത്. നാലാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ കുക്ക് 12000 ക്ലബില്‍ ഇടം നേടിയിരുന്നു.

നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് അലിസ്റ്റര്‍ കുക്ക്. സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍, റിക്കി പോണ്ടിംഗ്, ജാക്ക് കാലിസ്, രാഹുല്‍ ദ്രാവിഡ്, കുമാര്‍ സംഗക്കാര എന്നിവര്‍ മാത്രമാണ് കുക്കിന് മുന്നിലുള്ളത്. എന്നാല്‍ ആഷസ് പരമ്പരയിലെ തോല്‍വിയോടെ നാണക്കേടിന്‍ മറ്റൊരു റെക്കോര്‍ഡും കുക്കിന്റെ പേരിലായി. വിദേശ രാജ്യത്ത് കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ തോറ്റ താരമെന്ന നാണക്കേടാണ് കുക്കിനെ തേടിയെത്തിയത്.

ഇക്കാര്യത്തില്‍ കുക്ക് മറികടന്നത് സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറെ. അഞ്ചാം ആഷസ് ടെസ്റ്റ് പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയയില്‍ കുക്കിന്റെ 15-ാം തോല്‍വിയാണിത്. ഓസ്‌ട്രേലിയയില്‍ തന്നെ 14 മത്സരങ്ങള്‍ വീതം പരാജയപ്പെട്ട സച്ചിന്റെയും ജാക്ക് ഹോബ്‌സിന്റെയും റെക്കോര്‍ഡാണ് കുക്ക് മറികടന്നത്. ഇരുപതു വീതം ടെസ്റ്റ് കളിച്ചപ്പോള്‍ സച്ചിനേക്കാള്‍ ഒരു തോല്‍വി അധികം കുക്ക് വഴങ്ങി.