കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി ഗുരുതരാവസ്ഥയിലെത്തിയയാള്‍ക്കു മൂന്നു ദിവസമായിട്ടും ചികിത്സ നിഷേധിച്ച് ആശുപത്രിയധികൃതര്‍
മൂ
മൂവാറ്റുപുഴ:കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി ഗുരുതരാവസ്ഥയില്‍ എത്തിയ ഇതര സംസ്ഥാനക്കാരന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തി മൂന്നുദിവസം കഴിഞ്ഞിട്ടും കാര്യമായ ചികിത്സ ഇയാള്‍ക്ക് നല്‍കിയിട്ടില്ല.ഇതേതുടര്‍ന്ന് ആരോഗ്യനില വഷളായതിനാല്‍ മൂവാറ്റുപുഴയില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ ഇയാളെ എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എല്‍.എയും ആരോഗ്യ മന്ത്രിയുടെ പി.എയും അടക്കം ഇടപെട്ടിട്ടും വേദനകൊണ്ട് പുളഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞ ഇയാള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെന്നാണ് ആരോപണം.
മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപം റോഡരികില്‍ കരിമ്പ് ജ്യൂസ് കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വജീര്‍ തജ്മല്‍ ഖാനാണ് (27) ചികിത്സ നിഷേധിച്ചത്. ജ്യൂസ് ഉണ്ടാക്കുന്നതിനിടെ കാല്‍ വഴുതിയതിനെത്തുടര്‍ന്നു കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളുടെ വലതു കൈയുടെ തോള്‍ മുതല്‍ താഴത്തേക്കുള്ള ഭാഗം കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങിയത്. നാട്ടുകാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് ലക്ഷത്തോളം രൂപ ചികിത്സ ചെലവ് വരുമെന്നറിയിച്ചതോടെ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തുവെങ്കിലും ചികിത്സ നല്‍കാന്‍ ആശുപത്രിയധികൃതര്‍ തയാറായില്ല.
സംഭവമറിഞ്ഞ് മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ആശുപത്രിയുമായി ബന്ധപ്പെട്ടതോടെ രാത്രി തന്നെ ഓപറേഷന്‍ നടത്താമെന്ന് ഡോക്ടര്‍ അറിയിച്ചു. ശസ്ത്രക്രിയക്ക് ആവശ്യമായ മരുന്നുകളും മറ്റും വാങ്ങിപ്പിക്കുകയും ചെയ്തു. എന്നാല്‍, മൂന്നുദിവസം കഴിഞ്ഞ് ഞായറാഴ്ചയായിട്ടും ശസ്ത്രക്രിയ ചെയ്തില്ല. ഇതിനിടെ, മുറിവേറ്റ ഭാഗത്തുനിന്ന് ദുര്‍ഗന്ധം വമിക്കാനും തുടങ്ങി. വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ മൂവാറ്റുപുഴയിലെ സന്നദ്ധ സംഘടനയായ ‘മര്‍വ’യുടെ പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയുടെ പി.എയെ വിളിച്ച് അറിയിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെയാണ് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നാല് ദിവസമായി ഭക്ഷണം കഴിക്കാത്തതിനാല്‍ ഇയാള്‍ അവശനായിരുന്നു. സമയത്ത് ചികിത്സ ലഭ്യമാകാതിരുന്നതിനാല്‍ തുടര്‍ചികിത്സ ദുഷ്‌കരമായി. കൈയുടെ ഞരമ്ബുകള്‍ അടക്കം മുറിഞ്ഞനിലയിലാണ്.