വിയന്നയില്‍ കടലിന്റെ സംഗീതം തീര്‍ത്ത് പ്രശസ്ത സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിലും സംഘവും: ഓഖി റിലീഫ് ലൈവ് മ്യുസിക് ഷോയ്ക്ക് വന്‍ജന പിന്തുണ
വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളെ സഹായിക്കാന്‍ സംഘടിപ്പിച്ച ഓഖി റിലീഫ് ലൈവ് മ്യുസിക് ഷോയ്ക്ക് ഗംഭീര സമാപനം. ഓസ്ട്രിയക്കാരുടെയും, മലയാളികളുടെയും നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംഗീതനിശ നിലയ്ക്കാത്ത കൈയടിയോടെകളെയാണ് വിയന്ന മലയാളികള്‍ നെഞ്ചിലേറ്റിയത്.
കണ്ണീര്‍ ഉണങ്ങിയിട്ടില്ലാത്ത തീരദേശത്ത് സാന്ത്വനത്തിന്റെയും സഹായത്തിന്റെയും തുണയായി തീരാന്‍ പ്രശസ്ത സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിയുടെ നേതൃത്വത്തിലാണ് സംഗീതനിശ സംഘടിപ്പിച്ചത്. വിയന്ന മലയാളികള്‍ മുഖ്യ പ്രായോജകരായ ഷോയില്‍ തദ്ദേശവാസികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്ത് സഹായ സഹകരണങ്ങള്‍ നല്‍കി.
പതിവിന് വിപരീതമായി വിയന്നയില്‍ നിന്നും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കലാകാരന്മാരെ ഏകോപിപ്പിച്ചു ചുരുങ്ങിയ സമയത്തിനുള്ളിലാണ് കടലിനെ പശ്ചാത്തലമാക്കി സംഗീതനിശ ഒരുക്കിയത്. മലയാളത്തിലെ കടലിന്റെ പാട്ടുകള്‍ കോര്‍ത്തിണക്കിയ രണ്ടരമണിക്കൂര്‍, കടല്‍ ഉപജീവനമായവരുടെ ദുരന്തത്തില്‍ ശരിയായ അര്‍ത്ഥത്തില്‍ സ്വാന്ത്വനമേകിയെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്.
യുകെയില്‍ നിന്നും എത്തിച്ചേര്‍ന്ന വാദ്യവിദഗ്ദ്ധന്‍ ജോയ് തോമസ്, പിയാനോയില്‍ ഗവേഷണം നടത്തുന്ന ഫാ. ജാക്‌സണ്‍ സേവ്യയര്‍, ലീഡ് & ബെയിസ് ഗിറ്റാറിസ്റ്റ് പീറ്റര്‍ ഷ്രോള്‍, ആക്കൂസ്റ്റിക് ഗിറ്റാറിസ്റ്റ് ഫാ. സന്ദേശ് മാന്വല്‍, ഇറ്റലിയില്‍ നിന്നുള്ള ഡ്രമ്മര്‍ അജയ് സുബ്രമണ്യന്‍, സപ്പോര്‍ട്ട് കീ ബോര്‍ഡ് ഫാ. സാല്‍വിന്‍ എന്നിവര്‍ ഓര്‍കസ്റ്റ്‌റകൊണ്ട് വേദിയെ കോരിത്തരിപ്പിച്ചപ്പോള്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ (മുഖ്യ ഗായകന്‍), അഞ്ചു ജോര്‍ജ്, ബ്ലെസി ബെന്നി, ജൂലിയ ചൊവൂക്കാരന്‍, ബിബിന്‍ ജോസഫ്, വിന്‍സെന്റ് പയ്യപ്പള്ളി, മനോജ് ചൊവ്വൂക്കാരന്‍ എന്നിവര്‍ ശബ്ദമാസ്മരികതകൊണ്ട് വേദിയെ സംഗീതസാഗരമാക്കി.
ക്ലാസിക്കല്‍ സംഗീത ഭാഗത്ത് നൃത്ത ചുവടുകളുമായി വേദിയിലെത്തിയ ലെറ്റ്സി വട്ടനിരപ്പേല്‍, വര്‍ഷ പള്ളിക്കുന്നേല്‍, ജൂലിയ ചാലിശ്ശേരി, റിയ തെക്കുംമല, നയന മേലഴകത്ത് എന്നിവരുടെ സാന്നിദ്ധ്യം മ്യൂസിക് ഷോയ്ക്ക് ദൃശ്യസൗകുമാര്യം പകര്‍ന്നു.
ഷോയുമായി ബന്ധപ്പെട്ട് സമാഹരിച്ച തുകയുടെ വിവരങ്ങളും അതുവഴി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും വരും ദിവസങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് ഫാ. വില്‍സണ്‍ പറഞ്ഞു. പരിപാടി വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും പ്രത്യകിച്ച് വിയന്നയിലെ മലയാളി ബിസിനസ് സംരംഭകര്‍ക്കും, സംഘടനകള്‍ക്കും സംഘാടകസമിതി നന്ദി പറഞ്ഞു. ഘോഷ് അഞ്ചേരില്‍, തോമസ് പടിഞ്ഞാറേകാലയില്‍ എന്നിവര്‍ സംഗീത നിശയ്ക്ക് നേതൃത്വം നല്‍കി.
ചിത്രങ്ങള്‍: വിനു വിയന്ന