പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇരട്ടചങ്കന് ഇരട്ട എഞ്ചിന് ഉള്ള ഹെലിക്കോപ്റ്റര്‍ ; ഖജനാവിന് നഷ്ടം എട്ടുലക്ഷം; പണം എടുത്തത് പാവങ്ങളുടെ ദുരന്തനിവാരണ ഫണ്ടില്‍നിന്നും
തിരുവനന്തപുരം : പാര്‍ട്ടി സമ്മേളനത്തിന് വന്നു പോകാന്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച വകയില്‍ അതിനു പണം നല്കാന് ദുരന്തനിവാരണ ഫണ്ടില്‍നിന്ന് കാശ് എടുത്ത മുഖ്യമന്ത്രിയുടെ നടപടി വിവാദമാകുന്നു. തൃശൂരിലെ പാര്‍ട്ടിസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയത് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും എടുത്ത്. ഡിസംബര്‍ 26ന് തൃശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിയ്ക്ക് അന്ന് ഉച്ചതിരിഞ്ഞ് തലസ്ഥാനത്ത് രണ്ട് പരിപാടികളാണുണ്ടായിരുന്നത്. മൂന്ന് മണിക്ക് ഓഖി കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയും അതിന് ശേഷം മന്ത്രിസഭായോഗവും. ഇത് കഴിഞ്ഞ് അന്ന് വൈകീട്ട് 4.30 ന് അദ്ദേഹം പാര്‍ട്ടിസമ്മേളന വേദിയിലേക്ക് തിരിച്ചും പറന്നു. ഇതിനായി ഇരട്ട എഞ്ചിനുള്ളെ ഹെലികോപ്റ്ററിന്റെ വാടകയായി ചിലവായത് എട്ട് ലക്ഷം രൂപ.
ഈ മാസം ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യന് ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാന്‍ തിരുവനന്തപുരത്തേക്ക് ഹെലിക്കോപ്റ്ററില്‍ സഞ്ചരിക്കേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണം അനുവദിച്ചത്. പാര്‍ട്ടി സമ്മേളന പരിപാടിക്കിടെ പെട്ടെന്ന് തലസ്ഥാനത്തെ പരിപാടികളില്‍ പങ്കെടുത്ത് തിരികെയെത്തുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെങ്കിലും ഓഖി കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് യാത്രയെന്ന കാരണം മാത്രമാണ് പണം അനുവദിക്കുന്നതിനായി ചൂണ്ടിക്കാട്ടിയത്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് തന്നെ ദുരന്ത നിവാരണ ഫണ്ടില്‍നിന്നു പോലും പണം ഈടാക്കിയത് വലിയ വിമര്ശനങ്ങള്ക്കിടിയാക്കിയിരിക്കുകയാണ്. പാര്‍ട്ടി പരിപാടി മാറ്റി വെച്ചിരുന്നു എങ്കില്‍ ഈ കാശ് ഖജനാവില്‍ തന്നെ കിടക്കുമായിരുന്നു എന്നാണു വിമര്‍ശനങ്ങള്‍ ഉയരുന്നത്.