ആദ്യ ടെസ്റ്റില്‍ ഇന്ത്യ എട്ടു നിലയില്‍ പൊട്ടിയെങ്കിലും ധോണിയുടെ ഈ റെക്കോര്‍ഡ് തകര്‍ത്ത് സാഹ

കേപ്ടൗണ്‍:ധോണിക്ക് ശേഷം ആരാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്നാലോചിച്ച് ഇനി ആരും തലപുകയ്‌ക്കേണ്ട.കാരണം അതിനവകാശി താന്‍ തന്നെയെന്നു പ്രകടനം കൊണ്ട് തെളിയിച്ചിരിക്കുകയാണ് സാഹ.സാഹയെ പ്രശംസിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ടെസ്റ്റില്‍ സാഹയ്ക്ക് സ്ഥിരം വിക്കറ്റ് കീപ്പറാകാന്‍ എം.എസ് ധോണി വിരമിക്കേണ്ടി വന്നു. അതേസമയം റണ്‍സ് കണ്ടെത്തുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെ വിക്കറ്റിന് പിന്നില്‍ മിന്നല്‍ ക്യാച്ചുകളുമായി വിസ്മയിപ്പിക്കുന്നു സാഹാ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ എട്ടുനിലയില്‍ പരായജപ്പെട്ടെങ്കിലും മുന്‍ഗാമിയായ ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ സാഹക്കായി.ഒരു ടെസ്റ്റില്‍ കൂടുതല്‍ താരങ്ങളെ പുറത്താക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം സാഹ കൈപ്പിടിയിലൊതുക്കി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ മോണി മോര്‍ക്കലിനെ ക്യാച്ചെടുത്ത് പുറത്താക്കിയാണ് സാഹ റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്.

രണ്ട് ഇന്നിംഗ്‌സുകളിലായി പത്ത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ക്യാച്ചിലൂടെ സാഹ പുറത്താക്കി. ഓസീസിനെതിരെ 2014-ല്‍ മെല്‍ബണില്‍ ധോണി നേടിയ ഒമ്പത് പുറത്താക്കലിന്റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. എന്നാല്‍ 11 പേരെ വീതം പുറത്താക്കിയ ഇംഗ്ലണ്ടിന്റെ ജാക്ക് റസ്സലിന്റയും ദക്ഷിണാഫ്രിക്കയുടെ ഡിവില്യേഴ്‌സിന്റേയും പേരിലാണ് ലോക റെക്കോര്‍ഡ്.