പഴയ ആശാന് ഡേവിഡ് ജെയിംസിന്റെ കീഴില്‍ പുതിയ ജേഴ്സിയില്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു;ജയിക്കണം ഇല്ലെങ്കില്‍ പുറത്തേക്ക് തന്നെ
ഡേവിഡ് ജെയിംസിനെ പുതിയ കോച്ചെന്നു പറയാനാകില്ല.കാരണം ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ കോച്ചായെത്തിയ ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിനെ ഫൈനല്‍ വരെയെത്തിച്ചിക്കിരുന്നു.ഈ സീസണില്‍ കിതച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി വീണ്ടും ജെയിംസ് എത്തിയതോടെ ടോപ് ഗിയറിലായ ബ്ലാസ്റ്റേഴ്സിന്റെ എഞ്ചിന് യുവതാരം കിസീറ്റൊയാണെന്ന് നിസംശയം പറയാം.ജനുവരിയില്‍ ടീമിലെത്തിയ കിസീറ്റോയുടെയും കഴിഞ്ഞ മത്സരത്തിന്റെ മികച്ച പ്രകടനത്തിന്റെ പുതു ഉണര്‍വില്‍ കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം.
മുന്‍ കോച്ച് റെനെ മുളന്സ്റ്റീന് രാജി വെച്ച് പകരം വന്ന ജെയിംസിന് കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ എതിരാളികളായ പുനെ എഫ് സിയെ തളക്കാനും മത്സരത്തിന് പുതിയ ഭാവവും വേഗതയും ഒത്തിണക്കവും ഉണ്ടാക്കാനും കഴിഞ്ഞിരുന്നു. സൂപ്പര്‍താരം ഇയാന്‍ ഹ്യുമും യുവ താരങ്ങളായ പെകുസണും സിഫിനോസുമെല്ലാം തങ്ങളുടെ തനതായ ശൈലിയില്‍ എതിരാളികള്‍ക്ക് മേലെ പൊരുതിക്കയറുന്ന കാഴ്ചയാണ് കഴിഞ്ഞ മത്സരത്തില്‍ പുനെക്കെതിരെ രണ്ടാം പകുതിയില്‍ നാം കണ്ടത്. ഒപ്പം പുതു താരം കിസീറ്റോ പന്തടക്കം കൊണ്ടും പാസിംഗ് കൊണ്ടും കളം നിറഞ്ഞപ്പോള്‍ എതിരാളികളുടെ പ്രതിരോധത്തില്‍ ഒരുപാട് വിള്ളലുണ്ടാക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ പരിക്ക് മൂലം കളിക്കാതിരുന്ന സി.കെ വിനീത് പരിക്ക് മാറിയെങ്കിലും ആദ്യ ഇലവനില്‍ കളിക്കുമെന്ന് ഉറപ്പില്ല. അതെ സമയം വിലക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ലാകിച് പെസിച് ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. പെസിച് ടീമിലെത്തുമെങ്കില്‍ പ്രതിരോധ നിരയില്‍ വെസ്റബ്രൗണുണ്ടാകില്ല.കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് പുറത്തു പോയ റിനോ ആന്റോ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയിലിറങ്ങി മത്സരത്തിന്റെ ഗതി മാറ്റിയ കിസിറ്റോ ഇന്ന് ആദ്യ ഇലവനില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. സ്വന്തം ഗ്രൗണ്ടില്‍ ഇതുവരെ ഒരു ജയിക്കാന്‍ ഡല്‍ഹി ഡൈനാമോസിന് ആവാത്തതും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കും.
മറുഭാഗത്ത് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഡല്‍ഹി ഒന്നും നഷ്ട്ടപ്പെടാനില്ലാതെ പൊരുതാന്‍ തന്നെയാകും ഇറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ എഫ് സി യെ സമനിലയില്‍ തളച്ചതിന്റെ ആത്മ വിശ്വാസം അവര്‍ക്കുണ്ട്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒരു വിജയത്തോടെ ലീഗിന്റെ പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്താനാകും അവരുടെ ശ്രമം. അതെ സമയം ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ പ്രതിരോധമാണ് ഡല്‍ഹിയുടേത്.