ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ച് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ്

തിരുവനന്തപുരം:ഹെലികോപ്റ്റര്‍ യാത്രക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം വകയിരുത്തിയ കാര്യം അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഡി.ജി.പിയുടേയും വാദം തെറ്റ്.യാത്രക്ക് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. കൂടാതെ സംസ്ഥാന പോലീസ് മേധാവിയുടെ ആവശ്യപ്രകാരമാണ് പണം അനുവദിക്കുന്നതെന്ന് ഉത്തരവിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുമുണ്ട്.

റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ രണ്ടാം പേജില്‍ ഇതിന്റെ പകര്‍പ്പ് ആര്‍ക്കൊക്കെ കൈമാറിയെന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്ടര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ എജി, അക്കൗണ്ടന്റ് ജനറല്‍ ഓഫീസ്, ട്രഷറി ഓഫീസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍, റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.രാജു, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ എന്നിവര്‍ക്കെല്ലാം ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തില്‍ മുഖ്യമന്ത്രിക്കോ തങ്ങള്‍ക്കോ ഇക്കാര്യത്തില്‍ ഒരു അറിവും ഇല്ലെന്നായിരുന്നു ഉള്ളത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന് പകര്‍പ്പ് നല്‍കിയെന്ന് ഉത്തരവില്‍ തന്നെ പറയുന്നുമുണ്ട്.

സംഭവത്തില്‍ പോലീസ് മേധാവിയുടെ വാദവും വാസ്തവ വിരുദ്ധമാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഡി.ജി.പിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹെലികോപ്റ്റര്‍ യാത്രക്ക് പണം അനുവദിച്ചത്. ഇക്കാര്യം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പണം അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പും പോലീസ് മേധാവിക്ക് നല്‍കിയിരുന്നു. ഇക്കാര്യങ്ങളാണ് ബെഹ്റ നിഷേധിച്ചത്. ഹെലികോപ്ടര്‍ കമ്പനിയുമായി വിലപേശല്‍ നടന്നത് പോലീസ് ആസ്ഥാനത്ത് നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.