വിപുലമായ ചടങ്ങുകളോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു
ബേണ്‍: പ്രവാസി ഭാരതീയരെ ഇന്ത്യയുമായി കോര്‍ത്തിണക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വര്‍ഷംതോറും നടത്തി വരുന്ന പി.ബി.ഡി ജനുവരി ഒന്‍പതിന് സ്വിറ്റ്സര്‍ലന്‍ഡിലും നടന്നു.
പ്രവാസിയുടെ ഔദ്യോഗിക ജീവിതത്തിലൂടെ നേടിയെടുത്ത അറിവുകളും അനുഭവങ്ങളും ഭാരതത്തിന് വേണ്ടി വിനിയോഗിക്കുക, പുതുസംരംഭങ്ങള്‍ തുടങ്ങുവാന്‍ സഹായിക്കുക, പ്രവാസികള്‍ രാജ്യത്തിനു നല്കുന്ന സംഭാവനകള്‍ ഓര്‍മ്മിക്കുക തുടങ്ങിയവയാണ് പ്രവാസി ഭാരതീയ ദിനത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. കൂടാതെ ഈ നെറ്റ് വര്‍ക്കിലൂടെ ലോകത്തിന്റെ ഇതര പ്രവാസികളുമായി ബന്ധപ്പെടുവാനുള്ള അവസരവും പ്രവാസിക്ക് ലഭിക്കുന്നു.
2015 മുതല്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി പ്രവാസി ഭാരതീയ ദിവസ് കൊണ്ടാടുവാന്‍ അവസരം ഉണ്ടെങ്കിലും ചുരുക്കം രാജ്യങ്ങളില്‍ മാത്രമേ പ്രാവര്‍ത്തികമാക്കിയുള്ളൂ.
സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാന നഗരിയായ ബേണിലെ ഇന്ത്യന്‍ ഹൗസില്‍ ജനുവരി ഒന്‍പതിന് വൈകിയിട്ട് അഞ്ചുമണിയോടെ ആരംഭിച്ച വിപുലമായ ചടങ്ങില്‍, മലയാളി സമൂഹത്തിന്റേയും, മറ്റു സംഘടനാ പ്രതിനിധികളുടേയും നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
മലയാളി കൂടിയായ അംബാസഡര്‍ സിബി ജോര്‍ജ് പ്രവാസി ഭാരതീയദിവസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസിയിലെ സഹപ്രവര്‍ത്തകരെ സദസ്സിന് പരിചയപ്പെടുത്തുകയും, ഇന്ത്യന്‍ ഹൗസ് സ്വന്തം ഗൃഹമായി കരുതണമെന്ന് അംബാസഡര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിനയവും സ്നേഹവും കൊണ്ട് സംസാരിച്ച അംബാസഡര്‍ സിബി ജോര്‍ജ് സന്നിഹിതരായിരുന്ന പ്രവാസികളുടെ പ്രശംസയും ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ലൈവ് ആയി പ്രക്ഷേപണം ചെയ്തു.
പ്ലീനറി സെക്ഷനില്‍ പ്രവാസികളുടെ ചര്‍ച്ച ഫസ്റ്റ് സെക്രെട്ടറി പിയൂഷ് സിംഗ് നയിച്ചു. സ്വിസ്സിലെ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളും വ്യക്തികളും അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വച്ചു. രണ്ടാം സെക്ഷന്‍ സെക്കന്‍ഡ് സെക്രട്ടറിയും മലയാളിയുമായ റോഷിണി തോംസണ്‍ നയിച്ചു. യുവതീ യുവാക്കളായ ഇന്ത്യന്‍ ഒറിജിന്‍ ആയവരുടെ സാന്നിദ്ധ്യവും സഹകരണവും വരും നാളുകളില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്കകളും സംശയങ്ങളും ചര്‍ച്ച ചെയ്തു. ബേണിലെ പ്രവാസി ഭാരതീയദിവസില്‍ പങ്കെടുത്ത എല്ലാവര്ക്കും റോഷ്നി തോപ്സണ് നന്ദി പറഞ്ഞു. ഇന്ത്യന്‍ എംബസി അതിഥികള്‍ക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.