1000 സാനിട്ടറി നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി അയക്കാനൊരുങ്ങി ഒരു കൂട്ടം യുവാക്കള്‍; ക്യാമ്പയിന്‍ വൈറലാകുന്നു

ഭോപ്പാല്‍:സാനിട്ടറി നാപ്കിനുകളെ ജി എസ് ടിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വളരെ വ്യത്യസ്തമായൊരു ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് മധ്യപ്രദേശില്‍നിന്നുള്ള ഒരുകൂട്ടം സാമൂഹിക പ്രവര്‍ത്തകര്‍.

സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായി, സ്ത്രീകളെ കൊണ്ട് ആര്‍ത്തവകാല ശുചിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സാനിട്ടറി നാപ്കിനുകളില്‍ എഴുതിക്കുകയും അത് പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കാനുമാണ് ക്യാമ്പയിന്‍ ലക്ഷ്യം വയ്ക്കുന്നത്.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക പ്രവര്‍ത്തകരാണ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. ഇത്തരത്തില്‍ കുറിപ്പുകള്‍ എഴുതിയ ആയിരം നാപ്കിനുകള്‍ ശേഖരിച്ച ശേഷം പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുക.ഇതിനു പുറമെ സാനിട്ടറി നാപ്കിനുകള്‍ സൗജന്യമായി ലഭ്യമാക്കണമെന്ന ആവശ്യവും ക്യാമ്പയിന്‍ ഉയര്‍ത്തുന്നുണ്ട്. ജനുവരി നാലിന് ആരംഭിച്ച ക്യാമ്പയിന് സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

12 ശതമാനം ജി എസ് ടിയുടെ കീഴിലാണ് സാനിട്ടറി നാപ്കിനുകളുള്ളത്. സബ്സിഡി നല്‍കേണ്ടതിനു പകരം ആഡംബര ഇനത്തിന്റെ കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ഞങ്ങള്‍ ഈ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് മൂന്നോടെ ആയിരം നാപ്കിനുകള്‍ പ്രധാനമന്ത്രിക്ക് അയക്കാനാണ് ഉദ്ദേശിക്കുന്നത്- ക്യാമ്പയിന്‍ അംഗം ഹരിമോഹന്‍ പറയുന്നു.