സൂര്യ-വിജയ് ഫാന്‍സുകാര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി;ഒടുവില്‍ കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റ സൂര്യ ഫാന്‍സ് അംഗം ആശുപത്രിയില്‍ അത്യാസന്ന നിലയില്‍

പേയാട്:സിനിമാതാരങ്ങളോടുള്ള ആരാധന മൂത്ത് ആരാധകര്‍ തമ്മില്‍ത്തല്ലി.തമിഴ് താരങ്ങളായ സൂര്യ-വിജയ് ആരാധകര്‍ തമ്മില്‍ തിരുവനന്തപുരത്തുണ്ടായ ഏറ്റുമുട്ടലില്‍ സൂര്യ ആരാധകന് ഗുരുതര പരിക്കേറ്റു. വിളപ്പില്‍ശാല ചെറുകോട് കവലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സൂര്യ ഫാന്‍സുകാരനായ വിളപ്പില്‍ശാല സ്വദേശി ഷിജു(22)വിനാണ് തലയ്ക്ക് പരിക്കേറ്റത്.

ജംഗ്ഷനില്‍ സംഘടിപ്പിച്ച കുട്ടികളുടെ കലാപരിപാടികള്‍ക്കിടയില്‍ സൂര്യയുടെ സിനിമാ ഗാനങ്ങളിട്ട് ആരാധകര്‍ നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ വിജയ് ഫാന്‍സുകാര്‍ തങ്ങളുടെ നായകന്റെ പാട്ട് ഇടണമെന്ന് ആവശ്യപ്പെട്ടു.സൂര്യ ആരാധകര്‍ ഇത് വിസമ്മതിച്ചതോടെ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു.സംഘര്‍ഷത്തിനിടെ കമ്പിപ്പാരകൊണ്ട് തലക്കടിയേറ്റ ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഇരു വിഭാഗത്തിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.