പ്രണയം നടിച്ച് യുവാക്കളെ പറ്റിച്ച് കോടികള്‍ തട്ടിയ യുവ തമിഴ് നടിയും അമ്മയും അറസ്റ്റില്‍
പ്രണയം നടിച്ച് യുവാക്കളില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ യുവ തമിഴ് നടിയും അമ്മയും അറസ്റ്റിലായി. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇവര്‍ തട്ടിപ്പ് നടത്തി വന്നത്. മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ അക്കൌണ്ടുകള്‍ ഉണ്ടാക്കിയ ശേഷം വിവാഹാലോചനയുടെ മറവില്‍ പണക്കാരായ യുവാക്കളുമായി പരിചയത്തിലാവുകയും പിന്നീട് തന്ത്രപരമായി പണം തട്ടിയെടുക്കുകയുമായിരുന്നു രീതി. ഏറ്റവും ഒടുവിലായി ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കുടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടിയെ പോലീസ് പൊക്കിയത്. തമിഴിലെ യുവനടിയായ ശ്രുതി പട്ടേലിനെ ആണ് പോലീസ് തട്ടിപ്പ് നടത്തിയതിന് പിടികൂടിയിരിക്കുന്നത്. അതേസമയം ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത തമിഴ് ചിത്രമായ ആടി പോണ ആവണിയിലാണ് ശ്രുതി ആകെ അഭിനയിച്ചത്. മൈഥിലി വെങ്കിടേഷ് എന്ന കള്ളപ്പേരിലാണ് ശ്രുതിയുടെ തട്ടിപ്പുകളെല്ലാം. ഈ പേരില്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യും. ശേഷം യുവാക്കളുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യും. വിവാഹം നടക്കുമെന്ന ഉറപ്പിലെത്തിച്ച ശേഷമാണ് പണം തട്ടല്‍. നിലവില്‍ അഞ്ചുപേരാണ് പണം നഷ്ടമായി എന്ന് കാണിച്ച് രംഗത്ത് വന്നിട്ടുള്ളത്.
അതേസമയം തട്ടിപ്പിന് ഇരയായവര്‍ ഇനിയും ഉണ്ട് എന്നും നാണക്കേട് ഭയന്ന് പലരും പുറത്തുപറയാത്തതാണ് എന്നും പോലീസ് പറയുന്നു. ശ്രുതിയുടെ ഈ തട്ടിപ്പിന് അമ്മയുടേയും സഹോദരന്റെയും സഹായമുണ്ടെന്ന് പോലീസ് പറയുന്നു. കൂടാതെ അച്ഛനായി അഭിനയിക്കുന്ന ആളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 21 വയസ്സ് പ്രായം മാത്രമേ ഈ യുവനടിക്കുള്ളൂ. കുറഞ്ഞ കാലത്തിനുള്ളില്‍ തട്ടിപ്പ് വഴി ലക്ഷങ്ങളാണ് ശ്രുതിയും അമ്മയും അടങ്ങുന്ന സംഘം സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും ഒടുവിലായി ശ്രുതിയുടെ ഇരയായത് ബാലമുരുഗന്‍ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഇയാള്‍ തന്നെയാണ് നടിയെ കുരുക്കിയതും. മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട ബാലമുരുഗന് ശ്രുതി തന്റെ ഫോട്ടോകള്‍ അയച്ച് കൊടുത്തതോടെയാണ് ഈ പരിചയത്തിന്റെ തുടക്കം. ജര്‍മ്മനിയില്‍ ഓട്ടോ മൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ബാലമുരുഗന്‍. മാട്രിമോണിയലിലെ പരിചയം ശ്രുതി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ ശ്രുതിയെ കൊണ്ടുപോയത്.
യുകെയില്‍ ശ്രുതിക്ക് വേണ്ടി ലക്ഷങ്ങള്‍ തന്നെ മുരുകന്‍ ചെലവഴിക്കുകയും ചെയ്തു. ലണ്ടനിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ കൂടാതെ. മാത്രമല്ല മുരുകന്‍ വിദേശത്ത് നിന്നും നാട്ടില്‍ വരുമ്പോള്‍ കോയമ്പത്തൂരില്‍ ശ്രുതിയെ കാണാന്‍ പോവുകയും ഇരുവരും ഒരുമിച്ച് സമയം ചെലവിടുകയും ചെയ്തു. ശ്രുതിയെ വിവാഹം ചെയ്യാന്‍ ഇയാള്‍ ഉറപ്പിച്ചിരിക്കുകയായിരുന്നു. അതിനിടെ തന്നെ ശ്രുതി ബാലമുരുകനില്‍ നിന്നും പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടായിരുന്നു.തനിക്ക് ബ്രെയിന്‍ ട്യൂമറാണ് എന്ന് മുരുകനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയെടുത്തത്. ഇത് തെളിയിക്കാന്‍ ചില സര്‍ട്ടിഫിക്കറ്റ് , ഗുളിക എന്നിവയും നടി ഇയാളെ കാണിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വന്‍ചതി പുറത്തായത്. ശ്രുതിയെക്കുറിച്ച് അറിവുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാളാണ് തട്ടിപ്പ് സംഘമാണ് എന്ന വിവരം മുരുകനെ അറിയിച്ചത്. ഇതോടെ ശ്രുതിയെ പോലീസിന് കൈമാറാന്‍ മുരുകന്‍ തീരുമാനിക്കുകയായിരുന്നു. മുരുകന്‍ ക്രൈംബ്രാഞ്ചിനെ സമീപിക്കുകയും പരാതി നല്‍കുയും ചെയ്തു. ഇതോടെയാണ് തട്ടിപ്പ് സംഘം കുടുക്കിലായത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രേഖകളും കാറും ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. സുഖജീവിതം നയിക്കുവാന്‍ വേണ്ടിയാണ് നടി ഇത്തരത്തില്‍ തട്ടിപ്പുമായി നടന്നിരുന്നത്.