മാധ്യമങ്ങള്‍ക്കും തട്ടിക്കൂട്ട് വെബ്സൈറ്റുകള്‍ക്കും എട്ടിന്റെ പണി നല്‍കാന്‍ തയ്യാറായി ഫേസ്ബുക്ക് ; ലിങ്ക് ഷെയറിംഗ് ഓര്‍മ്മയാകുമോ?

നിലവിലെ എല്ലാ സംവിധാനങ്ങളും അടിമുടി പരിഷ്ക്കരിച്ച് പുതു പുത്തന്‍ രൂപത്തില്‍ ഫേസ്ബുക്കിനെ അവതരിപ്പിക്കുവാനാണ് ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. ഫേസ്‌ബുക്കില്‍ മാറ്റങ്ങള്‍ ഉണ്ടാകും എന്ന് ഏറെ നാളായി കേട്ട് വരുന്ന ഒന്നാണ് എങ്കിലും ഇത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാകും എന്ന് ആരും പ്രതീക്ഷിച്ചില്ല. മാറ്റങ്ങള്‍ മാത്രമല്ല പലര്‍ക്കും എട്ടിന്റെ പണി കൂടിയാണ് ഫേസ്ബുക്ക് ഒരുക്കി വെച്ചിരിക്കുന്നത്. തൊടുന്നതിനും പിടിക്കുന്നതിനും സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്ന മാധ്യമങ്ങള്‍ക്കും അല്ലാതെ തരികിട പരിപാടികള്‍ നടത്തി നാട്ടുകാരെ പറ്റിക്കുന്ന വെബ്സൈറ്റുകള്‍ക്കുമാണ് പണി കിട്ടാന്‍ പോകുന്നത്. മുഖ്യമായും ന്യൂസ് ഫീഡിലാണ് ഫേസ്ബുക്ക് കൈവെക്കാന്‍ പോകുന്നത്. നിലവില്‍ ന്യൂസ് ഫീഡില്‍ മാധ്യമ സ്ഥാപനങ്ങളുടേയും മറ്റ് സോഷ്യല്‍ മീഡിയാ പേജുകളുടെയും ഉള്ളടക്കങ്ങളുടെ ആധിക്യമാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ന്യൂസ് ഫീഡ് അല്‍ഗരിതത്തില്‍ കാര്യമായ മാറ്റങ്ങളാണ് ഫെയ്‌സ്ബുക്ക് കൊണ്ടുവരാന്‍ പോകുന്നത്.

വിവിധ പേജുകളില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നുമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും ലിങ്കുകളുമാണ് നിലവില്‍ ന്യൂസ് ഫീഡുകളില്‍ അധികമായുള്ളത്. ഇത് കാരണം ന്യൂസ് ഫീഡില്‍ അധികം ഇടപെടല്‍ നടത്താതെ ഉപയോക്താക്കള്‍ അലക്ഷ്യമായി സ്‌ക്രോള്‍ ചെയ്ത് പോകുന്ന സ്ഥിതിവിശേഷമാണുള്ളത്. എന്നാല്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ന്യസ് ഫീഡാണ് ഇനി ഫെയ്‌സ്ബുക്കിലുണ്ടാവുക. ഇക്കാര്യം ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്ഥിരീകരിച്ചു കഴിഞ്ഞു.

വ്യവസായ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, ബ്രാന്റുകള്‍ എന്നിവയില്‍ നിന്നുള്ള പോസ്റ്റുകളുടെ ആധിക്യമാണ് ഇപ്പോഴുള്ളത്. അത് വ്യക്തിപരമായ നിമിഷങ്ങളെ തള്ളിക്കളയുന്നുവെന്ന പരാതി ഉയരുന്നുണ്ട്.’. ഫെയ്‌സ്ബുക്കില്‍ ഉപയോക്താക്കള്‍ ചെലവിടുന്ന സമയം എറ്റവും മികച്ച സമയമാക്കി മാറ്റണം. പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുക്കാനും ബന്ധപ്പെടാനുമുള്ള സൗകര്യം ഒരുക്കണം. സുഹൃത്തുക്കളെയും ബന്ധുക്കളേയും ഒരുമിച്ചുകൊണ്ടുവന്നുള്ള ഒരു അനുഭവമായിരിക്കണം അത്. സക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതേസമയം ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കുമാണ് ഇത് കാര്യമായ തിരിച്ചടി ഉണ്ടാക്കുക.നിലവില്‍ പല മാധ്യമസ്ഥാപനങ്ങളും തങ്ങളുടെ വാര്‍ത്തകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് ഫേസ്ബുക്ക് വഴിയാണ്. അതുപോലെ പ്രമോഷന് വേണ്ടി മാത്രം ഉണ്ടാക്കിയ പേജുകളും വെബ്സൈറ്റ്കളും എല്ലാം ഇനി എന്ത് ചെയ്യും എന്ന് കണ്ടു തന്നെ അറിയാം.