ഉപഗ്രഹവിക്ഷേപണത്തില്‍ സ്വെഞ്ചറിയടിച്ചു ഐ.എസ്.ആര്‍.ഒ ; രാജ്യത്തിന് അഭിമാന നിമിഷം
നൂറിന്റെ നിറവില്‍ രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തി ഐ.എസ്.ആര്‍.ഒ. ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.സി-40 റോക്കറ്റ് വിജയകരമായി ബഹിരാകാശത്ത് എത്തിയപ്പോള്‍ ആണ് രാജ്യം പുതിയ നേട്ടം കൈവരിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിക്ഷേപണം നടന്നത്. കാര്‍ട്ടോസാറ്റ്-രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും അടക്കം 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറിയ ഉപഗ്രഹങ്ങള്‍. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കാര്‍ട്ടോസാറ്റ് ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ്, റോഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റം ലക്ഷ്യംവെച്ചാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിക്കുന്നത്.