സുപ്രീംകോടതി; പരിഹാരം കണ്ടെത്താന്‍ ബാര്‍ കൗണ്‍സില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുതെന്ന് ആവശ്യം

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാര്‍ കൗണ്‍സിലിന്റെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതി രൂപീകരിച്ചു. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനാണ് സമിതി രൂപീകരിച്ചതെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാര്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു. അതുപോലെ പ്രതിസന്ധി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് മാറിനില്‍ക്കാന്‍ ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പരമോന്നത കോടതിയുടേത് ആഭ്യന്തര പ്രശ്നമാണെന്നും പ്രശ്നങ്ങള്‍ വേഗത്തിലും സമാധാനപൂര്‍വ്വും പരിഹരിക്കുമെന്നും’ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര അറിയിച്ചു.

സുപ്രീംകോടതി ഭരണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ആരോപിച്ച് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കഴിഞ്ഞദിവസമാണ് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത്. പ്രധാനകേസുകള്‍ ഏതു ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ശരിയല്ലെന്നും, ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രയോജനമില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തില്‍ അസാധാരണ സംഭവമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് മാധ്യമങ്ങളെ കണ്ടത്.